സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ജനറല്‍ ക്വോട്ടയില്‍ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പിന്നാക്കവിഭാഗത്തില്‍പ്പെടുന്ന ഹര്‍ജിക്കാരായ രാംനരേശിനും ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണമില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്വാട്ട സീറ്റുകളില്‍ പ്രവേശനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.നിലവില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തില്‍പ്പെടുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 77 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ മെറിറ്റില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാനുള്ള മാര്‍ക്കുണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളെ ഈ സീറ്റുകളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്ന് വാദിച്ച് മധ്യപ്രദേശിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സീറ്റ് നിരസിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തീരുമാനം ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മെറിറ്റ് കണക്കിലെടുത്ത് ജനറല്‍ വിഭാഗക്കാര്‍ക്കുള്ള ക്വാട്ടയില്‍ പ്രവേശനം നല്‍കണമെന്ന് നേരത്തെയുള്ള സുപ്രീം കോടതി വിധികളെ ഉദ്ധരിച്ച് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെറിറ്റ് പ്രകാരം മാര്‍ക്കുണ്ടെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ സീറ്റ് നല്‍കണമെന്നും അവരെ സംവരണ ക്വാട്ടയില്‍ പ്രവേശനം നേടിയവരായി കണക്കാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചയിച്ച കട്ട് ഓഫ് മാര്‍ക്ക് പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെടുന്നവരുടെ കട്ട് ഓഫ് മാര്‍ക്കിനേക്കാള്‍ കുറവായതിനാല്‍ തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടിക്ക് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തിവിരുദ്ധവുമാണെന്നും കോടതി നിരീക്ഷിച്ചു. ജനറല്‍ വിഭാഗത്തിലെയും സംവരണ വിഭാഗത്തിലെയും സീറ്റ് വിതരണത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതാണ് സീറ്റ് നിഷേധത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സംവരണ വിഭാഗക്കാരനായ, യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*