ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന തര്‍ക്കങ്ങള്‍: ആരാധനാലയ നിയമത്തിന്റെ സാധുതയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതിയില്‍ പ്രത്യേക ബെഞ്ച്

ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി.ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്നതാണ് ബഞ്ച്. ഡിസംബര്‍ 12 ന് ഉച്ചകഴിഞ്ഞ് 3:30 ന് ഹര്‍ജികള്‍ പരിഗണിക്കും. 

1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ,കാശി രാജകുടുംബത്തിലെ മഹാരാജാ കുമാരി കൃഷ്ണ പ്രിയ, ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി തുടങ്ങിയവര്‍ സമര്‍പ്പിച്ചത് ഉള്‍പ്പെടെ ഒരു കൂട്ടം ഹര്‍ജികളാണ്, സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഭരണഘടനയുടെ അനുചേദം 14, 25 പ്രകാരം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

2020 മുതല്‍ കോടതിയുടെ പരിഗണനയിലാണ് കേസ്.വിഷയത്തില്‍ 2021 മാര്‍ച്ചില്‍ പുറപ്പെടുവിച്ച നോട്ടീസിന് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ക്കെതിരെ ജ്ഞാന്‍വാപി മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ എല്ലായിടത്തും ഇത്തരം തര്‍ക്കങ്ങള്‍ തലപൊക്കുമെന്നും ഇത് സാമുദായിക സൗഹാര്‍ദം ഇല്ലാതാക്കുമെന്നും മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലുണ്ട്. സംഭല്‍ മസ്ജിദ്,മഥുരയിലെ ഷാഹി ഈദ്ഗാ, അജ്മീര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നുവരുന്ന അവകാശവാദങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹര്‍ജികള്‍ വരുന്ന വ്യാഴാഴ്ച മുതല്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബഞ്ച് പരിഗണിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*