ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ച കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയുടെ ശിക്ഷാവിധി തടഞ്ഞു സുപ്രീം കോടതി

ഡൽഹി: ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ചെന്ന കേസില്‍ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആശ്വാസം. ചെന്നൈ എഗ്മോര്‍ മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ശിക്ഷാവിധി തടയുന്നതിനോ ജാമ്യം നല്‍കുന്നതിനോ വേണ്ടി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അഞ്ച് കേസുകളിലാണ് ജയപ്രദ ശിക്ഷിക്കപ്പെട്ടത്. ആറ് മാസം തടവ് ശിക്ഷയും അയ്യായിരം രൂപ പിഴയുമായിരുന്നു മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. അണ്ണാശാലയിലെ ജയപ്രദയുടെ ഉടമസ്ഥതയില്‍ ഉള്ള തീയറ്ററിലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലായിരുന്നു ശിക്ഷാ നടപടി. ഇന്‍ഷുറന്‍സ് വിഹിതം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു. എന്നാല്‍ തുക സ്റ്റേറ്റ് എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ അടച്ചില്ല. കേസ് റദ്ദാക്കണമെന്നും ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നുമുള്ള ആവശ്യങ്ങള്‍ നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് ജയപ്രദ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*