സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടലുമായി സുപ്രീം കോടതി. കേരളത്തിന് പ്രത്യേക ഇളവ് നല്‍കുന്നതില്‍ തടസമെന്താണെന്നും ചോദിച്ച കോടതി കേന്ദ്രം വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനായി ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കുന്നതില്‍ തടസമെന്ത്, ഇളവുകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.
നിര്‍ദേശത്തില്‍ കേന്ദ്രം നാളെ തീരുമാനം അറിയിക്കണണെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഏപ്രില്‍ ഒന്നിന് 5000 കോടി നല്‍കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാനാവില്ലെന്നായിരുന്നു കേന്ദ്രം നേരത്തെ സ്വീകരിച്ചുവന്ന നിലപാട്. സുപ്രീം കോടതി ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസമാണ് ഇപ്പോഴത്തെ കോടതി ഇടപെടല്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന സര്‍ക്കാര്‍ വാദത്തിന് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എല്‍ഡിഎഫിനും സര്‍ക്കാരിനും ആശ്വാസമാണ് ഇപ്പോഴത്തെ കോടതി പരാമര്‍ശങ്ങള്‍.
കടമെടുപ്പ് പരിധിയില്‍ നിയമ പോരാട്ടം തുടരുന്നതിനിടെ കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രവും അറിയിച്ചിരുന്നു. നേരത്തെ കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ചയില്‍ ചില ഉപാധികളോടെ കേരളത്തിന് ഈ തുക കടമെടുക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നായിരുന്നു പ്രധാന ഉപാധി.
Be the first to comment