ബാർ അസോസിയേഷനിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി

ബാർ അസോസിയേഷനിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സ്ഥാനങ്ങൾ സംവരണം ചെയ്യണമെന്ന് സുപ്രീംകോടതി. 2024 – 25 വർഷത്തെ തിരഞ്ഞെടുപ്പ് മുതൽ ഈ മാനദണ്ഡം പിന്തുടരണമെന്ന രീതിയിലാണ് ഈ നിർദേശം സുപ്രീംകോടതി മുന്നോട്ടു വച്ചത്.

വരുന്ന തിരഞ്ഞെടുപ്പിൽ ബാർ അസോസിയേഷൻ ട്രഷറർ സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്തും കെ വി വിശ്വനാഥനുമുൾപ്പെടുന്ന ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ത്രീകളെ ഈ സംവരണം ബാധിക്കില്ല എന്നും കോടതി പറഞ്ഞു. എല്ലാ തവണയും ഭാരവാഹികളിൽ ഒരു സ്ഥാനം സ്ത്രീകൾക്ക് നൽകണമെന്നും, അത് ഓരോ വർഷവും വ്യത്യസ്ത സ്ഥാനങ്ങളുമായിരിക്കണമെന്നും, 2024-25ൽ ട്രഷറർ സ്ഥാനത്തിൽ ആരംഭിക്കാമെന്നും കോടതി കൂട്ടിക്കിച്ചേർത്തു.

എല്ലാ കമ്മറ്റികളിലും മൂന്നിലൊന്ന് സംവരണം പിന്തുടരണമെന്നാണ് നിർദേശം. അതായത്, ജൂനിയർ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആകെയുള്ള 9 അംഗങ്ങളിൽ 3 പേരും സ്ത്രീകളായിരിക്കണം. അതുപോലെ സീനിയർ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആകെയുള്ള 6 അംഗങ്ങളിൽ 2 പേരും സ്ത്രീകളായിരിക്കണം.

2024-25 ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് മെയ് 16ന് നടത്തണമെന്ന് കോടതി നിർദേശിച്ചു. മെയ് 18ന് വോട്ടെണ്ണൽ ആരംഭിക്കും, മെയ് 19ന് ഫലം പ്രഖ്യാപിക്കും. നിലവിലെ കമ്മറ്റിയുടെ കാലാവധി അവസാനിക്കുന്നത് മെയ് 18നാണ്.

മുതിർന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, റാണ മുഖർജീ, മീനാക്ഷി അറോറ എന്നിവരുൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് സമിതി.

ബാർ അസോസിയേഷനിൽ മാറ്റങ്ങളാവശ്യപ്പെട്ട് അവതരിപ്പിക്കപ്പെട്ട എട്ട് പ്രമേയങ്ങൾ പരാജയപ്പെട്ടു. മത്സരിക്കുന്നവരുടെ യോഗ്യത, ബാർ അസോസിയേഷൻ അംഗത്വ ഫീസ്, മത്സരാർഥികൾ കെട്ടിവെക്കേണ്ടുന്ന തുക, നാല് തവണയിൽ കൂടുതൽ ഒരംഗം ഭാരവാഹിയാകാൻ പാടില്ല എന്നീ ആവശ്യങ്ങളുന്നയിച്ച് അവതരിപ്പിച്ച പ്രമേയങ്ങൾ ഏപ്രിൽ എട്ടിന് ചേർന്ന പ്രത്യേക ജനറൽ ബോഡിയിൽ പരാജയപ്പെട്ടു.

യോഗ്യത മാനദണ്ഡങ്ങളും ഫീസുമുൾപ്പെടെയുള്ള കാര്യങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണെന്നും, പതിറ്റാണ്ടുകളോളം ഒരു മാറ്റവും ഉൾക്കൊള്ളാതെ തുടരാൻ ബാർ അസോസിയേഷന് സാധിക്കില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നതിന് അംഗങ്ങളിൽ നിന്നും വെബ്സൈറ്റ് വഴി പൊതുജനങ്ങളിൽ നിന്നും എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശങ്ങൾ ആരായണമെന്നും, 2024 ജൂലൈ 19 വരെ ലഭിക്കുന്ന നിർദേശങ്ങൾ ഒരുമിച്ച് ചേർത്ത് കോടതിക്ക് മുമ്പാകെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*