മെഡിക്കൽ പഠന പ്രവേശനത്തിനുള്ള എൻ ആർ ഐ ക്വാട്ടയുടെ നിർവചനം വിപുലീകരിക്കാനുള്ള പഞ്ചാബ് സർക്കാർ തീരുമാനം റദ്ദ് ചെയ്ത ഹൈക്കോടതി തീരുമാനം ശരിവച്ച് സുപ്രീംകോടതി. ബിരുദാനന്തര മെഡിക്കൽ പ്രവേശന കോഴ്‌സുകൾക്കായി ആം ആദ്മി പാർട്ടി സർക്കാർ കൊണ്ടുവന്ന മാറ്റം തട്ടിപ്പാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 15 ശതമാനം ക്വാട്ടയിൽ എൻആർഐ പൗരന്മാരുടെ അകന്ന ബന്ധുക്കൾക്ക് കൂടി അവകാശം നൽകാനായിരുന്നു സർക്കാർ വിജ്ഞാപനത്തിലൂടെ ശ്രമിച്ചത്.
ഇന്ത്യൻ പൗരന്മാരാണെങ്കിലും പുറം രാജ്യങ്ങളിൽ താമസിക്കുന്നവരെയാണ് എൻ ഐ ഐ കൊണ്ട് അർത്ഥമാക്കുന്നത്. അവർക്ക് പ്രത്യേകമായി ക്വാട്ടയും അനുവദിക്കപ്പെടാറുണ്ട്. എന്നാൽ പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനമനുസരിച്ച്, ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകൾക്ക് എൻ ആർ ഐകളുടെ അകന്ന ബന്ധുക്കൾ ഉൾപ്പെടെ ക്വാട്ടയ്ക്ക് അർഹരാണ്. ഓഗസ്റ്റ് 20-ന് സർക്കാർ കൊണ്ടുവന്ന വിജ്ഞാപനം, സെപ്റ്റംബർ 10-ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയെങ്കിലും അതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതിലാണ് ചൊവ്വാഴ്ച സുപ്രീംകോടതി തീർപ്പുകൽപ്പിച്ചത്.
പഞ്ചാബ് സർക്കാരിൻ്റെ നീക്കത്തെ “സമ്പൂർണ വഞ്ചന” എന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശേഷിപ്പിച്ചത്. പണം തട്ടാനുള്ള തന്ത്രമാണ് സർക്കാരിന്റെ വിജ്ഞാപനമെന്നും കോടതി പറഞ്ഞു. അത്തരം ക്വാട്ട വ്യവസായം അവസാനിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
Be the first to comment