സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല എന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു. 

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്.  ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 

ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് നിരീക്ഷവും കോടതി നടത്തിയിരുന്നു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.

കേസെടുത്തതിന് പിന്നാലെ പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി.സുകുമാർ എന്ന സൂരജ് പാലാക്കാരൻ ഒളിവിൽ പോയിരുന്നു. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച്  ക്രൈം പത്രാധിപർ  നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ച് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടു. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാലുലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പൊലീസിനെ സമീപിച്ചതും പരാതി നൽകിയതും.

Be the first to comment

Leave a Reply

Your email address will not be published.


*