പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗമാണ് തൃശൂരില്‍ നിന്നും വിജയിച്ച സുരേഷ് ഗോപി.

എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നീറ്റ്, നെറ്റ് ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടായി. കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാത്തതില്‍ പ്രോടെം സ്പീക്കര്‍ പാനല്‍ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പാനലില്‍ ഉള്ള പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ സൂചകമായി സത്യപ്രതിജ്ഞ ചെയ്തില്ല.

സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമവായവും ഐക്യവുമാണ് രാജ്യപുരോഗതിക്ക് പ്രധാനമെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് ജനാധിപത്യത്തിന്റെ ചരിത്ര ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതിന് ജനങ്ങളോട് നന്ദിയും പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ മൂന്ന് മടങ്ങ് താന്‍ അധ്വാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യും.

രാജ്യത്തിന്റെ ജനാധിപത്യം കൂടുതല്‍ ശക്തമാണ്. ഇനി ആരും അവയെ തകര്‍ക്കില്ല. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്നും അവര്‍ പാര്‍ലമെന്റില്‍ ഔചിത്യത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*