മലയാള സിനിമയിലെ ഏകലവ്യന്‍ ; 66-ന്റെ നിറവിൽ സുരേഷ് ഗോപി

ചലച്ചിത്ര താരത്തിൽ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക് സുരേഷ് ഗോപി സഞ്ചരിച്ച യാത്ര വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ ജന്മദിനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതും ജീവിതത്തിലെ നിർണായക കാലഘട്ടവുമാണ്. ഒരു നടനായും ജനസേവകനായും 66-ന്റെ നിറവിൽ നിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് രണ്ട് മേഖലകളിലും ഉത്തരവാദിത്തങ്ങളുമേറെയാണ്.’തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ എനിക്ക് വേണം’ എന്ന് പതിനായിരങ്ങളുടെ മുന്നിൽ വച്ച് പറഞ്ഞത് 2019 ലായിരുന്നു.

സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ സുരേഷ് ഗോപിയുടെ വിഖ്യാത പ്രഖ്യാപനം തുടര്‍ച്ചയായ തോൽവികൾക്കിപ്പുറം സാധിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും തോറ്റ എംപിയായി തൃശൂരില്‍ തന്നെ തുടര്‍ന്ന സുരേഷ് ഗോപി ശക്തരായ എതിർ സ്ഥാനാർത്ഥികളായ വി എസ് സുനില്‍ കുമാറിനെയും കെ മുരളീധരനെയും തോല്‍പ്പിച്ചുകൊണ്ട് പറഞ്ഞതുപോലെ തൃശൂര്‍ അങ്ങെടുത്തു. അതിലൂടെ കേന്ദ്രമന്ത്രി പദവും. കൊല്ലത്ത് ലക്ഷ്‌മി ഫിലിംസ് ഉടമ കെ ഗോപിനാഥൻ പിളളയുടെയും ജ്‌ഞാനലക്ഷ്‌മിയുടെയും ആദ്യ പുത്രനായി 1958 ലായിരുന്നു സുരേഷ് ഗോപിയുടെ ജനനം.

സുരേഷ് ജി നായര്‍ എന്ന പേര് സുരേഷ് ഗോപിയെന്ന് മാറ്റിയത് സംവിധായകന്‍ കെ ബാലാജിയാണ്. മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നതും അദ്ദേഹം തന്നെ. 1965 ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തില്‍ ബാലതാരമായെങ്കിലും ബാലാജിയുടെ ‘നിരപരാധികള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം മുൻനിരയിലേക്കെത്തുന്നത്. ശേഷം സത്യന്‍ അന്തിക്കാടിന്റെ ‘ടി പി ബാലഗോപാലന്‍ എം എ’, ശങ്കരന്‍ നായരുടെ ‘കാബറേ ഡാന്‍സര്‍’, ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്നീ സിനിമകളിൽ വേഷമിട്ടു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

പിന്നീട് ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രം. സുരേഷ്ഗോപി ആദ്യമായി ഡബ്ബ് ചെയ്യുന്നത് ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. 90 കാലഘട്ടം സുരേഷ് ഗോപിയുടെ രണ്ടാം ഫേസ് ആയിരുന്നു. ഷാജി കൈലാസ് ചിത്രങ്ങളിലൂടെ സുപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്ന കലാഘട്ടം. ഷാജി കൈലാസിന്റെ ഏകലവ്യൻ എന്ന ചിത്രമാണ് അതിലാദ്യം. സുരേഷ് ഗോപിയ സുപ്പാർ സ്റ്റാറാക്കിയതിൽ തമ്പിക്കണ്ണന്താനം, ജോഷി എന്നീ സംവിധായകരുടെ സംഭവാനയും ചെറുതല്ല. തലസ്ഥാനം, ഏകലവ്യന്‍, കമ്മീഷണര്‍, ജനുവരി ഒരു ഓര്‍മ്മ, ഇരുപതാം നൂറ്റാണ്ട്, തലസ്ഥാനം, ലേലം, ജനാധിപത്യം എന്നിങ്ങനെ നീളുന്ന സുരേഷ് ​ഗോപി ചിത്രങ്ങൾ.

പത്രം, എഫ്ഐആര്‍, സമ്മര്‍ ഇന്‍ ബദ്ലഹേം , പ്രണയവര്‍ണ്ണങ്ങള്‍, തെങ്കാശിപട്ടണം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളും ഇന്നലെ, സിന്ദൂരരേഖ, പൈതൃകം, വടക്കന്‍ വീരഗാഥ, പൊന്നുച്ചാമി, കളിയാട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളും അദ്ദേഹം മലയാളി സിനിമയ്ക്ക് നൽകി. രാഷ്ട്രീയത്തിലെന്നും ഇതിനോടകം തന്നെ ചില ഇടപെടലുകളിലൂടെ തെളിയിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ പരാജയപ്പെട്ടപ്പോൾ ഒരു തോൽവി എന്നതിനപ്പുറം തൃശൂരിനെ സ്വന്തമാകാനായിരുന്നു സുരേഷ് ഗോപി ആ​ഗ്ര​ഹിച്ചതും ശ്രമിച്ചതും‌.

അതിനായി തന്റെ താമസം പോലും തൃശൂരിലേക്കു മാറ്റി. പരിഹാസശരങ്ങള്‍ വകവയ്ക്കാതെ ജനങ്ങളെ അടുത്തറിഞ്ഞ് കഴിഞ്ഞ അഞ്ച് വർഷം പ്രയത്നിച്ചതിന്റെ ഫലം കൂടിയായിരുന്നു ഇത്തവണത്തെ ജനവിധി. കേരളത്തില്‍ ബിജെപിയ്ക്കായി തൃശൂരില്‍ അക്കൗണ്ട് തുറന്നപ്പോള്‍ ‘സുരേഷ് ഗോപി മോഡൽ’ രാഷ്ട്രീയത്തിലും പുതിയ മാതൃകയായി.

സുരേഷ് ഗോപി രാഷ്ട്രീയത്തിലെ മിന്നും താരമാകുമ്പോൾ തന്നെ താനാക്കിയ ജനങ്ങളുടെ മനസിൽ ഇടം നേടിക്കൊടുത്ത സിനിമ അദ്ദേഹം കൈവിടില്ല എന്ന പ്രഖ്യാപനം രാഷ്ട്രീയത്തിനതീതമായി സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടുന്നവർക്ക് ആവേശം നൽകുന്നത് കൂടിയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*