രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സുരേഷ് കുറുപ്പ്

സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്ന വാർത്ത നിഷേധിച്ച് സിപിഎം നേതാവ് കെ സുരേഷ് കുറുപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് കുറുപ്പ് നിലപാട് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകനോട് താൻ പറഞ്ഞത് ‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’ എന്ന് മാത്രമാണ്. എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ജില്ലയിൽ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളിൽ ഒന്നാണ് സുരേഷ് കുറുപ്പ്. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ട എന്നും സി പി എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാനും ആണ് തീരുമാനം എന്നുമായിരുന്നു വാർത്ത വന്നത്. 

1984, 1998, 1999, 2004 വർഷങ്ങളിൽ കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2011, 2016 വർഷങ്ങളിൽ ഏറ്റുമാനൂരിൽ നിന്നുള്ള നിയമസഭാംഗമായി. ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം 1984 ൽ ലോകസഭയിലേക്ക് കേരളത്തിൽ നിന്ന് ജയിച്ച മൂന്ന് ഇടതു സ്ഥാനാർഥികളിൽ ഏക സിപിഎം പ്രതിനിധിയായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും കേരളാ സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന സുരേഷ് കുറുപ്പ്. 1989 ൽ കോട്ടയത്തും 1991ൽ മാവേലിക്കരയിലും ലോകസഭയിലേക്ക് പരാജയപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*