ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. അൽപം മുൻപ് സമൂഹ മാധ്യമങ്ങളിലൂടെയാണ് റെയ്ന തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിദേശ ടി20 ലീഗുകളിൽ താരം കളി തുടരുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് കമൻ്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം.

ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കാത്തവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കാറില്ല. ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ലീഗുകളില്‍ കളിക്കുകയാണെങ്കില്‍ പിന്നീട് ആ താരത്തിന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആനുകൂല്യങ്ങളെല്ലാം നഷ്ടമാകും. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ടി20 ലീഗും യുഎഇ ലീഗും, വമ്പന്മാരായ അന്താരാഷ്ട്ര കളിക്കാരുമായി ആരംഭിക്കാനിരിക്കെ റെയ്‌ന ഈ രണ്ട് ലീഗുകളിലും സാന്നിധ്യമറിയിച്ചേക്കും. ഐപിഎല്ലിലെ പ്രതിഫലം ലഭിക്കില്ലെങ്കിലും മറ്റു ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട പ്രതിഫലം ഈ ലീഗുകളില്‍ നിന്നും ലഭിക്കും. മാത്രമല്ല, ദക്ഷിണാഫ്രിക്കന്‍ ലീഗിലെ എല്ലാ ടീമുകളുടേയും ഉടമകള്‍ ഐപിഎല്‍ ടീമുകളുടെ ഉടമകളാണെന്നതും റെയ്‌നയുടെ നീക്കത്തിന് പിന്നിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*