വാടക ഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി; വത്തിക്കാൻ

വാടകഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രയിയുമടക്കമുള്ളവ മനുഷ്യാന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ. വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയ പുതിയ പ്രഖ്യാപനത്തിലാണ് വാടകഗർഭധാരണം, ലിംഗമാറ്റ ശസ്ത്രക്രിയ, ജൻഡൻ ഫ്‌ളൂയിഡ് തുടങ്ങിയവ ദൈവത്തിൻ്റെ പദ്ധതികളെ ലംഘിക്കുന്ന നടപടിയാണെന്നാണ് പറയുന്നത്.

അഞ്ച് വർഷമെടുത്താണ് 20 പേജുകൾ ഉള്ള പുതിയ പ്രഖ്യാപനം വത്തിക്കാൻ പുറത്തിറക്കിയിരിക്കുന്നത്. പുതിയ പ്രമാണത്തിന് ഫ്രാൻസിസ് മാർപാപ്പ മാർച്ച് 25ന് അംഗീകാരം നൽകി. ‘അനന്തമായ അന്തസ്’ എന്ന പേരിലാണ് പുതിയ പ്രമാണം പുറത്തിറക്കിയിരിക്കുന്നത്. ”ഏതു ലിംഗമാറ്റ ഇടപെടലും, ഒരു ചട്ടം പോലെ, ഗർഭധാരണ നിമിഷം മുതൽ വ്യക്തിക്ക് ലഭിച്ച അതുല്യമായ അന്തസിന് ഭീഷണിയാകുന്നു,” എന്നാണ് രേഖയിൽ പറയുന്നത്.

പുരുഷനെയും സ്ത്രീയെയും ദൈവം സൃഷ്ടിച്ചത് ജീവശാസ്ത്രപരമായി വ്യത്യസ്തമായിട്ടാണെന്നും ആളുകൾ ആ ദൈവ പദ്ധതിയുമായി ഇടപെടരുതെന്നും ‘സ്വയം ദൈവമാകാന്‍’ ശ്രമിക്കരുതെന്നുമാണ് പുതിയ രേഖയിൽ പറയുന്നത്. ‘ഏതു ലിംഗമാറ്റ ഇടപെടലും, ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ വ്യക്തിക്ക് ലഭിച്ച അതുല്യമായ അന്തസിന് ഭീഷണിയാകും,” എന്ന് രേഖയിൽ പറയുന്നു. അതേസമയം, ആരോഗ്യപരമായ കാരണങ്ങളും ‘ജനനേന്ദ്രിയ വൈകല്യങ്ങൾ’ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയും ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും രേഖയിൽ വ്യക്തമാക്കി.

”ഒരു കുട്ടി എപ്പോഴും ഒരു സമ്മാനമാണ്, ഒരിക്കലും ഒരു വാണിജ്യ കരാറിൻ്റെ അടിസ്ഥാനമല്ല, അമ്മയുടെ ഉദരത്തിലെ പിഞ്ചു കുഞ്ഞിൽ നിന്ന് തുടങ്ങുന്ന ഓരോ മനുഷ്യജീവനും അടിച്ചമർത്താനൊ വില്‍പ്പനചരക്കാക്കാനൊ കഴിയില്ല,” എന്നുമാണ് വാടക ഗർഭധാരണത്തിന് എതിരായി പറയുന്ന കാര്യങ്ങൾ. ”ദാരിദ്ര്യം, കുടിയേറ്റക്കാരുടെ സാഹചര്യം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, മനുഷ്യക്കടത്ത്, യുദ്ധം, മറ്റ് വിഷയങ്ങൾ” തുടങ്ങിയവ ഉൾപ്പെടുത്താൻ മാർപ്പാപ്പ വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസിനോട് (ഡിഡിഎഫ്) ആവശ്യപ്പെട്ടതായി ചീഫ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വവർഗാനുരാഗികളെ ബഹുമാനിക്കണമെന്നും പ്രമാണം പറയുന്നുണ്ട്, സ്വവർഗരതിയെ ശിക്ഷിക്കുന്നത് ഒരു വലിയ പ്രശ്‌നമാണെന്നും ചില കത്തോലിക്കർ സ്വവർഗരതിയെ എതിർക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നത് വേദനാജനകമാണെന്നും വിക്ടർ മാനുവൽ ഫെർണാണ്ടസ് പറഞ്ഞു. സ്ത്രികൾക്കെതിരായ അതിക്രമം കൂടുന്നതിനെതിരെയും അദ്ദേഹം രംഗത്ത് എത്തി. അഗോള തലത്തിൽ തന്നെ സ്ത്രികൾക്കെതിരായ അതിക്രമം ശക്തമാകുകയാണെന്നും ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*