
കൊച്ചി: വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസായി എന്നതിന്റെ പേരിൽ ഇതിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കണ്ണൂർ സ്വദേശികളായ ദമ്പതിമാരാണ് വാടകഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീകൾക്ക് 23 മുതൽ 50 ഉം പുരുഷന് 26 മുതൽ 55 വയസുമാണ് വാടക ഗർഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി. സ്ത്രീയുടെ കാര്യത്തിൽ 51 തികയുന്നതിന്റെ തലേന്നു വരെ ഇതിന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഒരാഴ്ചയ്ക്കകം ഹർജിക്കാർക്ക് യോഗ്യത സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചു. സ്‌കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനത്തീയതി. അതിനാല്‍ പ്രായപരിധി കഴിഞ്ഞെന്നു വിലയിരുത്തി സറോഗസി ബോര്‍ഡ് അനുമതി നിഷേധിച്ചു.
ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ജനനത്തീയതി 1978 ജൂണ്‍ 21 ആണ്. ബോര്‍ഡ് ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കി. സ്‌കൂള്‍ രേഖയ്ക്ക് പകരം മറ്റ് ആധികാരിക രേഖ പരിശോധിച്ച് അനുമതി നല്‍കണമെന്നതടക്കമുള്ള ആവശ്യമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ പ്രായം കണക്കാക്കാന്‍ സ്‌കൂള്‍ രേഖയെ പരിഗണിക്കാനാകൂവെന്ന് ഡിവിഷന്‍ ബെഞ്ചും വിലയിരുത്തി.
അതേസമയം 51 ആകുന്നതിന് മുന്‍പുള്ള മുഴുവന്‍ കാലയളവും ഉള്‍പ്പെടുന്നതാണ് 50 വയസു പരിധിയെന്ന് വിലയിരുത്തി അപ്പീല്‍ അനുവദിച്ചു. നിയമങ്ങളുടെ വ്യാഖ്യാനം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും നേരിട്ടു ബാധിക്കുന്നതാണെന്നും അത് ദുര്‍ഗ്രഹമാകേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
Be the first to comment