തെന്നിന്ത്യൻ സിനിമയിൽ ഇതാദ്യം; ഓസ്കർ അക്കാദമി അം​ഗമാവാൻ സൂര്യക്ക് ക്ഷണം

ലോകത്തെതന്നെ ഏറ്റവും വലിയ പുരസ്കാരം എന്ന് ചോദിച്ചാൽ ഓസ്കർ എന്ന് പറയുന്നവരാണ് മിക്കവരും. എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കർ കൈയിലേറ്റുവാങ്ങി ഇന്ത്യയുടേയും കേരളത്തിന്റെയും യശസ്സുയർത്തി. ഇപ്പോഴിതാ തെന്നിന്ത്യക്ക് അഭിമാനിക്കാവുന്ന മറ്റൊരു വാർത്ത ഓസ്കാറിന്റെ പിന്നണിയിൽ നിന്ന് വന്നിരിക്കുന്നു. ഓസ്കർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഭാഗാമാകാൻ നടൻ സൂര്യയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.

ഓസ്കർ അക്കാദമി തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അം​ഗങ്ങളായി പ്രഖ്യാപിച്ചത്. ഇതിൽ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്. ബോളിവുഡ് നടി കജോൾ, സംവിധായിക റീമ കാ​ഗ്തി, സുഷ്മിത് ഘോഷ്, ഡൽഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആർ ആയ സോഹ്നി സെൻ​ഗുപ്ത എന്നിവരാണ് അം​ഗങ്ങളിലെ മറ്റ് ഇന്ത്യക്കാർ.

ഇക്കഴിഞ്ഞ ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ‘ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികൾ കിട്ടിയ ഡോക്യുമെന്ററികൂടിയാണിത്.

അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിച്ച കലാകാരന്മാരിൽ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോൺ-അമേരിക്കൻസുമാണ്. നേരത്തെ സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ ഓസ്കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരുന്നു. 1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണ് ജയ് ഭീം. ത.സെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ്സാണ് നിർമിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*