ടി20യില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുമായി സൂര്യകുമാര്‍ യാദവ്

ബാര്‍ബഡോസ് : ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എയ്റ്റില്‍ അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ച വെച്ചത്. 28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാറാണ് മത്സരത്തിലെ താരവും. ഇതോടെ തകര്‍പ്പന്‍ റെക്കോര്‍ഡാണ് താരത്തെ തേടിയെത്തിയത്.

ടി20 ക്രിക്കറ്റില്‍ 15-ാം തവണയാണ് സൂര്യകുമാര്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട താരമെന്ന റെക്കോര്‍ഡില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പമെത്താനും സൂര്യകുമാറിന് സാധിച്ചു. കോഹ്‌ലി 113 മത്സരങ്ങളില്‍ നിന്നാണ് 15 തവണ കളിയിലെ താരമായതെങ്കില്‍ സൂര്യ 61 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിച്ചേര്‍ന്നത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നാലാമനായാണ് സൂര്യ ക്രീസിലെത്തിയത്. മൂന്നാം ഓവറില്‍ രോഹിത്തും (8) പവര്‍പ്ലേയ്ക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ റിഷഭ് പന്തും (20) മടങ്ങിയതിന് പിന്നാലെയായിരുന്നു സൂര്യയുടെ വരവ്. ഒന്‍പതാം ഓവറില്‍ ഓപ്പണര്‍ കോഹ്‌ലി (24) കൂടി മടങ്ങിയതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലായി. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് സൂര്യകുമാറിന്റെ ഇന്നിങ്‌സായിരുന്നു.

താരത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 181 റണ്‍സെടുത്തത്. 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനെ ഇന്ത്യ 134 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*