സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കുന്ന പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ എന്നയാളാണ് പിടിയിലായത്. പെൺകുട്ടികൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജുകൾ അയയ്ക്കുകയും മറുപടി അയക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു ഇയാളുടെ പതിവ്.
നൂറനാട് സ്വദേശിനിയായ 18 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് ഷായുടെ അറസ്റ്റ്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടതും അടുപ്പം സ്ഥാപിച്ചതും. തുടർന്ന് സൗഹൃദം മുതലാക്കി സ്വർണ്ണ മാലയും കമ്മലും ഊരി വാങ്ങി പണയം വെച്ചു. യുവതിക്ക് പ്രതിയിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലെത്തി. സ്വർണാഭരണങ്ങൾ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നുമായിരുന്നു പെണ്‍കുട്ടിക്ക് നല്‍കിയ വാഗ്ദാനം.
തുടർന്ന് കഴിഞ്ഞ ഒൻപതിന് രാത്രി എട്ടു മണിയോടെ ഓട്ടോറിക്ഷയിൽ വീടിന് സമീപമെത്തി നിർബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോയി. നേരെ ഭരണിക്കാവിലെ വാടകവീട്ടിൽ എത്തിച്ച് പീഡനത്തിനിരയാക്കി. തൊട്ടടുത്ത ദിവസം സ്വർണാഭരണങ്ങൾ തിരികെ എടുത്തു തരാം എന്ന് പറഞ്ഞു കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പെൺകുട്ടി പലതവണ പ്രതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ നിന്നാണ് സി.ഐ ശ്രീജിത്തിന്റെ നേതൃത്യത്തിൽ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. മൊബൈൽ ഫോൺ പരിശോധിച്ചതില്‍ നിരവധി പെൺകുട്ടികളെ ഇയാൾ വഞ്ചിച്ചതായി പോലീസിന് സൂചന ലഭിച്ചു.
Be the first to comment