കൊച്ചി: ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹോട്ടലിൽനിന്ന് ഓൺലൈനിലൂടെ വരുത്തിയ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം തീക്കോയി മനക്കാട് വീട്ടിൽ രാഹുൽ ഡി നായരാണ് (23) മരിച്ചത്.
കാക്കനാട് വ്യവസായമേഖലയിലുള്ള എസ്എഫ് കമ്പനിയിലെ കരാർ ജീവനക്കാരനാണ്. കാക്കനാട് ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടലിൽനിന്ന് ഷവർമ വരുത്തി കഴിച്ചത്. സുഹൃത്തുക്കളും കഴിച്ചെങ്കിലും അവർക്ക് പ്രശ്നങ്ങൾ ഉണ്ടായില്ല. ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെ രാഹുൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും അസ്വസ്ഥത വർധിച്ച് കുഴഞ്ഞുവീണതോടെ ഞായറാഴ്ച രാവിലെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
സംഭവത്തിനുപിന്നാലെ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടൽ പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽനിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. തൃക്കാക്കര പൊലീസും ഫോറൻസിക് യൂണിറ്റും അടുക്കളയിൽ പരിശോധന നടത്തി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Be the first to comment