കോഴിക്കോട്: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഷനിലായ സപ്ലൈകോ മാനേജർ കോടതിയിലേക്ക്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈകോയുടെ റീജ്യണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
എന്നാൽ പൂപ്പൽ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈകോ മാനേജർ പറയുന്നത്. കണ്ടെത്തിയ സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈകോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകൾക്ക് ഏതെല്ലാം സാധനം ഡിപ്പോയിൽ ലഭിക്കുമെന്ന് അറിയാൻ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാൻ ആളുകൾ വരി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോർഡ് വെച്ചതെന്നും മാനേജർ വിശദമാക്കിയിരുന്നു. എന്നാൽ ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ സസ്പെൻഷൻ ഉത്തരവിറക്കുകയായിരുന്നു.
Be the first to comment