ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ കൂട്ട സസ്പെൻഷൻ. നൂറോളം കുട്ടികളെയാണ് സസ്പെൻഡ് ചെയ്തത്. പ്രഭാത അസംബ്ലിയിൽ പങ്കെടുക്കാത്തതിനാലാണ് കോളെജിലെ നൂറോളം ഒന്നാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് കോളെജ് അധികൃതർ ഇമെയിൽ അയച്ചു. ഫെബ്രുവരി 17നാണ് വിദ്യാർഥികള്‍ക്ക് ഇ മെയിൽ സന്ദേശം ലഭിച്ചത്. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാത്ത വിദ്യാർഥികളെ രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അതേസമയം നടപടി പിൻവലിക്കണമെന്ന് അധ്യാപകരും വിദ്യാർഥികളും ഓരെ പോലെ ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതുന്നതിൽ നിന്ന് ഡീബാർ ചെയ്യുമെന്ന ഭീഷണി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളും അധ്യാപകരും കോളേജിൽ പ്രിൻസിപ്പൽ ജോൺ വർഗീസിന് കത്തയച്ചു. സംഭവവികാസത്തിൽ ഞെട്ടൽ രേഖപ്പെടുത്തി അസോസിയേറ്റ് പ്രൊഫസർ സഞ്ജീവ് ഗ്രെവാളും പ്രിൻസിപ്പലിന് കത്തെഴുതി. വിദ്യാർഥികളില്‍ മിക്കവരുടെയും മാതാപിതാക്കള്‍ കൂടെയില്ല. പലരും ഡൽഹിക്ക് പുറത്തായതിനാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാജരാവാന്‍ കഴിയില്ല. രാവിലെ കോളേജ് അസംബ്ലിയിലെ ഹാജർ കുറവ് വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയുന്നതിനുള്ള കാരണമല്ലെന്ന് അദ്ദേഹം എഴുതി.
പ്രഭാത അസംബ്ലി സർവകലാശാല അംഗീകരിച്ചിട്ടില്ലെന്നും കോളേജ് സ്വന്തം നിലയ്ക്ക് ചെയ്യുന്നതാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. അസംബ്ലിയില്‍ സ്വമേധയാ ആണ് വിദ്യാർഥികള്‍ പങ്കെടുക്കേണ്ടത്. അല്ലാതെ നിർബന്ധിച്ച് ചെയ്യേണ്ടതല്ലെന്നും അധ്യാപകരും വിദ്യാർഥികളും പറയുന്നു. വിചിത്ര നടപടിയുടെ ഞെട്ടൽലിലാണ് എല്ലാവരും.
Be the first to comment