ബെവ്കോ റീജിയണൽ മാനേജർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെവ്കോ റീജിയണൽ മാനേജര്‍ക്കെതിരെ നടപടി. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണ് ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ സസ്പെൻ്റ് ചെയ്തത്. മദ്യക്കമ്പനികളിൽ നിന്ന് വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്ന വിലയിരുത്തലിലാണ് വിജിലൻസ്. സസ്പെൻഷൻ ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

ബെവ്കോയിലെ ഉയർന്ന പദവിയാണ് റീജിയണൽ മാനേജറുടേത്. നേരത്തെ പെരിന്തൽമണ്ണയിലും നിലവിൽ തിരുവനന്തപുരത്തും റീജിയണൽ മാനേജറായ കെ റാഷയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതിയുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണവും നടത്തി. മൂന്ന് മാസം മുമ്പ് റാഷയുടെ മലപ്പുറത്തെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. തുടർച്ചയായ പരിശോധനയിലാണ് റാഷ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയത്.

വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശ പ്രകാരമാണ് ബെവ്കോ എംഡി റാഷയെ സസ്പെൻ്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ മദ്യക്കമ്പനികളിൽ നിന്ന് പണം വാങ്ങി ചില കമ്പനികളുടെ മദ്യം വിൽക്കാൻ സഹായിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇങ്ങനെയൊരു ആരോപണം തെളിയിക്കാനും ബുദ്ധിമുട്ടാണ്. അതിനിടയിലാണ് റീജിയണൽ മാനേജറുടെ അനധികൃത സ്വത്ത് വിജിലന്‍സ് കണ്ടെത്തിയത്. ആകെ ഒരു കോടി 14 ലക്ഷം രൂപയുടെ സ്വത്താണ് റാഷയ്ക്ക് ഉള്ളത്. ഇതിൽ 48 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് റാഷയ്ക്ക് നിയമാനുസൃതമായി ഉള്ളതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ബാക്കി 65 ,32,000 രൂപ റാഷ അനധികൃതമായി ഉണ്ടാക്കിയ സ്വത്താണെന്ന് വിജിലൻസ് കണ്ടെത്തി.

മദ്യക്കമ്പനികളിൽ നിന്ന് പണം വാങ്ങിയാൽ ആ കമ്പനികളെ സഹായിക്കാൻ ഒരു റീജിയണൽ മാനേജർക്ക് എളുപ്പം കഴിയും. പക്ഷേ തെളിവുകൾ കിട്ടാത്ത ഇടപാടുകളായതിനാൽ പലപ്പോഴും പലരും പിടിക്കപ്പെടാറുമില്ല. അനധികൃത സ്വത്ത് സമ്പാദനം രേഖകൾ സഹിതം പിടികൂടിയതിനാലാണ് റാഷ കുടുങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*