എം ജി സർവകലാശാലയിലെ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ; ജനാധിപത്യവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

അതിരമ്പുഴ: എം ജി സർവകലാശാലയിൽ നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം റിപ്പോർട്ട്‌ ചെയ്ത ഉദ്യോഗസ്ഥരെ രണ്ടു മാസമായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്ന നടപടി അപകടകരമായ ഏകാധിപത്യ പ്രവണതയുടെ സൂചനയെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. ഉദ്യോഗസ്ഥർക്ക് നേരെയുള്ള രാഷ്ട്രീയ പ്രേരിത സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ നാലാം ദിവസം സമരപന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.

രണ്ടാം പിണറായി ഭരണത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പും സർവകലാശാലകളും കോളേജുകളും പോലും മാർക്സിസ്റ്റ്‌ സംഘടനകളുടെ സാമാന്തര ഭരണത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇവിടെ വ്യാജന്മാരും തട്ടിപ്പ് മാഫിയകളും നിയന്ത്രിക്കുന്ന സംവിധാനത്തിൽ അധികാരികളും ഉദ്യോഗസ്ഥരുമടക്കം കീഴടങ്ങാൻ നിർബന്ധിതമാകുന്നു. സത്യസന്ധമായി ജോലി നിർവഹിച്ച എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഷനിൽ നിർത്തി പീഡിപ്പിക്കുന്നത് ഇവർക്ക് കീഴടങ്ങാത്തവരെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്. തുടർ ഭരണത്തിന്റെ ബലത്തിൽ ജനാധിപത്യ ചർച്ചകളും സംവാദങ്ങളും ഇല്ലാതാക്കി ഭയപ്പെടുത്തി വേണ്ടപ്പെട്ടവരുടെ തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കുന്നവരായി അധികാരികൾ മാറുന്നത് തികച്ചും പരിതാപകരമാണ്. അന്യായമായി പുറത്തു നിർത്തിയിരിക്കുന്ന ഉദ്യോഗസ്ഥരെ എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. എം ജിയിലെ നീതി നിഷേധത്തിനെതിരെ കോൺഗ്രസ്‌ പാർട്ടിയും എല്ലാ ജനാധിപത്യ വിശ്വസികളും പ്രതികരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

റിലേ സത്യഗ്രഹ സമരത്തിന്റെ നാലാം ദിനം ബിന്ദു എസ് കെ, സിന്ധു വി, നസിയ എം ആർ, മുഹമ്മദ് റാഫി, ജിജോ സ്കറിയാ, ജയശ്രീ ആർ, ബാബു എ ജി, ശ്രീലത എസ്, അനൂപ് ജെയിംസ്, ഷാജി. എൻ.വി എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. പെൻഷനേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് തമ്പി മാത്യു, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു, എഫ് യു ഇ ഒ ജനറൽ സെക്രട്ടറി എൻ മഹേഷ്‌, മേബിൾ എൻ എസ്, ഗായത്രി വി ആർ എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*