പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

വയനാട്:  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥൻ്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും സസ്‌പെന്‍ഡ് ചെയ്തു.  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രൻ്റെതാണ് നടപടി.  ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന്‍ തള്ളിയിരുന്നു.  ഡീനിൻ്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും പ്രതികരിച്ച മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്.  സിദ്ധാര്‍ത്ഥൻ്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.  ഇതിന് പിന്നാലെയാണ് ഇരുവരും വിശദീകരണം നല്‍കിയത്.  സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എം കെ നാരായണൻ്റെ വിശദീകരണം.  സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടു.  പോസ്ററ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയി.  അതിന് ശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും ഡീന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.  സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അസിസ്റ്റന്‍റ് വാര്‍ഡൻ്റെ വിശദീകരണം.  വിവരം അറിഞ്ഞ ഉടനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും വിശദീകരണത്തില്‍ ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*