ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നെഴുതിയ വിദ്യാര്‍ത്ഥിയുള്‍പ്പെടെ പരീക്ഷയില്‍ ജയിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

ഫാര്‍മസി കോഴിസിൻ്റെ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നെഴുതിയ വിദ്യാര്‍ത്ഥിയുള്‍പ്പെടെ പരീക്ഷയില്‍ ജയിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തര്‍ പ്രദേശിലാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്ന സംഭവം. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഉത്തരകടലാസില്‍ ജയ് ശ്രീറാം എന്നും ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതിവെച്ചും പാസായത്. ‘ജയ് ശ്രീറാം’ തുടങ്ങിയ വാചകങ്ങളും രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പേരുകളും എഴുതിയ വിദ്യാർത്ഥികളെയാണ് അധ്യാപകർ വിജയിപ്പിച്ചത്.

സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. വിനയ് വര്‍മയ്ക്കും ആശിഷ് ഗുപ്തയ്ക്കുമെതിരെയുമാണ് നടപടി. ഇരുവരെയും പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന ദിവ്യാന്‍ഷു സിംഗ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് വിവരാവകാശ നിയമപ്രകാരം ഉത്തരകടലാസുകള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒന്നാം വര്‍ഷ ഫാര്‍മസി കോഴ്‌സിന് പഠിക്കുന്ന 18 വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ നല്‍കി ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു ദിവ്യാന്‍ഷു സിംഗ് അപേക്ഷ നല്‍കിയത്. പ്രൊഫസര്‍മാരായ വിനയ് വര്‍മയും ആശിഷ് ഗുപ്തയും വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കൈക്കൂലി വാങ്ങിയെന്നും ദിവ്യാന്‍ഷു സിംഗ് ആരോപിച്ചിരുന്നു. ചാൻസലർ കൂടിയായ ഗവർണർക്കും രേഖാമൂലം പരാതി നൽകിയിരുന്നു.

പരാതിയിൽ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു. തുടർന്ന് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷൻ നിയോഗിച്ച അന്വേഷണ സമിതിയാണ് പരീക്ഷ പേപ്പർ പുനർമൂല്യനിർണയം നടത്തിയത്. തെറ്റായ മൂല്യനിർണയം നടത്തിയ വിനയ് വർമയെയും ആശിഷ് ഗുപ്തയെയും പിരിച്ചുവിടാൻ സമിതി ശിപാർശ ചെയ്തതായി വൈസ് ചാൻസലർ വന്ദന സിംഗ്  പറഞ്ഞു. നേരത്തെ പണം വാങ്ങി മൊബൈൽ ഫോൺ പരീക്ഷ ഹാളിൽ എത്തിച്ച സംഭവത്തിൽ പ്രൊഫസർ വിനയ് വർമ്മയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളിൽ നിന്ന് വിനയ് വർമ്മയെ പുറത്താക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*