തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് എസ് വി സൗണ്ട്‌സ് ഉടമ വട്ടിയൂര്‍കാവ് സ്വദേശി രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ ആയതെന്നും രഞ്ജിത്ത് പ്രതികരിച്ചു.
മൈക്ക് സെറ്റിന്റെ കണ്‍സോള്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിന്റെ വലതുഭാഗത്തെ സ്റ്റെപ്പിലായിരുന്നു സെറ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയതോടെ ചാനല്‍ ക്യാമറാമാന്‍മാരും ഫോട്ടോഗ്രാഫര്‍മാരും അവിടെ കൂടി. ഇവര്‍ ഇതിന്റെ കേബിളില്‍ ചവിട്ടി വലിച്ചു. അതിനിടെ ഒരാളുടെ ബാഗ് കണ്‍സോളിലേക്ക് വീഴുകയായിരുന്നു. അതോടെ സൗണ്ട് ഉയര്‍ന്നു. പത്ത് സെക്കന്റിനുള്ളില്‍ തന്നെ ടെക്‌നീഷ്യന്മാര്‍ അവിടെയെത്തി പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.
ഇന്നലെ രാവിലെ കന്റോൺമെന്റ് സിഐ വിളിച്ചിരുന്നു. സ്റ്റേഷനിൽ വിളിച്ച്, ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സാധനങ്ങളെല്ലാം സ്റ്റേഷനിലാണ്. ഇതെല്ലാം വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രധാനമന്ത്രിയുടേയുമെല്ലാം പരിപാടിയില്‍ വേദിയൊരുക്കിയിട്ടുണ്ടെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു.
Be the first to comment