മിനിമം വേതനം ഉയർത്തണം; എറണാകുളത്ത് സ്വിഗ്ഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം

കൊച്ചി: എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.

ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിക്കുകയായിരുന്നു.

നാല് കിലോമീറ്റര്‍ ദൂരത്തേക്ക് ഭക്ഷണം എത്തിക്കുമ്പോള്‍ 20 രൂപയാണ് ലഭിക്കുന്നതെന്നും പോയി വരുമ്പോഴേക്ക് 8 കിലോമീറ്ററാകുമെന്നും ജീവനക്കാര്‍ പറയുന്നു. ഈ തുക 35 ആയി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. മഴയത്ത് ഡെലിവറി നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ അധികം നല്‍കുന്ന തുക ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. 

സമരം മുന്നോട്ടുപോകുമെന്ന് ജീവനക്കാർ അറിയിച്ചു. സമരം പൊളിക്കാൻ ചരടുവലികൾ നടക്കുന്നുണ്ട്. പക്ഷേ, പിന്മാറില്ല.നാല് കിലോമീറ്ററിന് 20 രൂപയാണ് ഇപ്പോൾ കിട്ടുന്നത്. രണ്ടര കിലോമീറ്ററിന് 35 രൂപയും അത് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 10 രൂപ വീതവുമാണ് തങ്ങൾ പറഞ്ഞിരിക്കുന്നത് എന്നും ജീവനക്കാർ അറിയിച്ചു.

സ്വിഗ്ഗിക്ക് പിന്നാലെ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*