ദുരന്തങ്ങളെ നീന്തി തോല്‍പ്പിക്കാന്‍ കടലില്‍ പരിശീലനം

അര്‍ത്തുങ്കല്‍ : മൈല്‍ സ്റ്റോണ്‍ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിള്‍ സൊസൈറ്റിയും ചേര്‍ത്തല മുനിസിപ്പാലിറ്റിയും വേള്‍ഡ് മലയാളി ഫെഡറേഷന്റേയും ആസ്‌ട്രേലിയായിലെ പെര്‍ത്ത് യുണൈറ്റഡ് മലയാളി അസ്സോസിയേഷന്റേയും സഹകരണത്തോടെ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. ചേര്‍ത്തല പഴംകുളത്ത് നടത്തിവരുന്ന നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായി അര്‍ത്തുങ്കല്‍ ബീച്ചില്‍ വച്ച് കുട്ടികള്‍ക്ക് ജലസുരക്ഷാ സന്ദേശവും കടലില്‍ എങ്ങനെ സുരക്ഷിതമായി നീന്താം എന്നതിലുള്ള പരിശീലനവും നല്‍കി.

പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ശാസ്ത്രീയമായ നീന്തല്‍ പഠനം ഭയലേശമെന്യേ നീന്തുവാനും ജലസംബന്ധമായ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടു വരുവാന്‍ യുവാക്കള്‍ക്ക് കരുത്തും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. പരിശീലന ക്യാമ്പില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍ ഐ പി സ് സന്ദര്‍ശിച്ചു. ജലസാന്ദ്രത ധാരാളമുള്ളതും അടിക്കടി ജലപ്രളയം ഉണ്ടാകുന്നതുമായ നമ്മുടെ നാട്ടില്‍ നീന്തലിലെ അറിവു ആത്മവിശ്വസത്തോടെ ജല ദുരന്തങ്ങളെ നേരിടാന്‍ യുവാക്കള്‍ക്ക് കരുത്തു നല്‍കുമെന്നു ചൈത്ര അഭിപ്രായപ്പെട്ടു. 

ചെറുപ്പത്തില്‍ നീന്തല്‍ അഭ്യസിച്ചത് ആത്മവിശ്വാസം നല്‍കിയെന്നും ഒരിക്കല്‍ നീന്തല്‍ നന്നായി പഠിച്ചാല്‍ പിന്നെ മറക്കില്ല എന്ന അനുഭവവും കുട്ടികളോടായി പങ്കുവെച്ചു.കോസ്റ്റല്‍ പോലീസ് അര്‍ത്തുങ്കല്‍ യൂണിറ്റിന്റെ സഹായത്തോടെ കടലില്‍ നല്‍കിയ പരിശീലത്തിന് അന്താരാഷ്ട്ര സാഹസിക നീന്തല്‍ താരം എസ് പി മുരളീധരന്‍ നേതൃത്വം നല്കി. കോസ്റ്റല്‍ പോലീസ് സേനാംഗം തോമസ് റ്റി ജെ യും കുട്ടികള്‍ക്ക് സുരക്ഷയൊരുക്കി. വനിതാ സേനാംഗം സുബിത ജലസുരക്ഷാ സന്ദേശം നല്‍കി. ആറു വയസിന് മുകളിലുള്ള അന്‍പതിലധികം കുട്ടികള്‍ ശക്തമായ തിരയില്‍ ഇരുന്നൂറു മീറ്ററോളം ദൂരം നീന്തി.

Be the first to comment

Leave a Reply

Your email address will not be published.


*