കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അഖ്തർ മിർസ ചുമതലയേൽക്കും

കോട്ടയം: കോട്ടയത്തെ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്‌തർ മിർസ ചുമതലയേൽക്കും. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു ഇദ്ദേഹം. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് രണ്ട് തവണ ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ നിയമിക്കുന്നത്. അടൂർ തന്റെ ഉറ്റ സുഹൃത്തും താൻ അടൂരിന്റെ ആരാധകനുമാണെന്ന് സയ്യിദ് അഖ്തർ മിർസ പ്രതികരിച്ചു. ഇന്ന് തന്നെ കോട്ടയത്ത് എത്തി വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രശ്നങ്ങൾക്ക് കൂട്ടായി പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ രാജി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചും വിവാദങ്ങളിൽ പ്രതിഷേധിച്ചുമായിരുന്നു അടൂരിന്റെ രാജി. 

ഇന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്തെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് സയീദ് അക്തർ മിർസ. എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിൽ നിരവധി ശ്രദ്ധേയമായ സമാന്തര സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻ ജോഷി ഹസീർ ഹോ( 1984), ആൽബർട്ട് പിന്റോ കോ ഗുസ്സാ ക്യൂൻ ആതാ ഹേ (1980), സലീം ലംഗ്ഡേ പേ മത് രോ (1989), നസീം (1995) എന്നിവ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*