പ്രതിരോധശേഷി കുറവാണോ ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ആരോഗ്യകരമായ ജീവിതം നയിക്കാൻ ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് കാൽവൽക്കാരെപോലെയാണ് രോഗപ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ പ്രതിരോധശേഷി പലരിലും വ്യത്യസ്‌തമായിരിക്കും. ഭക്ഷണക്രമം ജീവിതശൈലി തുടങ്ങിയവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യത്തിൽ വൈറസ്, ബാക്‌ടീരിയ, ഫംഗസ് തുടങ്ങിയ അണുക്കൾ ശരീരത്തിലേക്ക് വളരെ എളുപ്പം പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും.

എന്നാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോൾ ശരീരം തന്നെ ചില സൂചനകൾ നൽകും. ഇത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് വേണ്ട പരിഹാരമാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പല രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കുകയും ചെയ്യും. ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ രോഗപ്രതിരോധ സംവിധാനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

രോഗപ്രതിരോധശേഷി ഇല്ലാത്തതിന്‍റെ ലക്ഷണങ്ങൾ

വിട്ടുമാറാത്ത ജലദോഷം

ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, മൂക്കൊലിപ്പ്, പനി എന്നിവ കുറഞ്ഞ പ്രതിരോധശേഷിയുടെ ലക്ഷണങ്ങളാണ്. ആരോഗ്യമുള്ള ഒരാൾക്ക് വർഷത്തിൽ രണ്ടോ മൂന്നോ തവണ ജലദോഷമോ പനിയോ വരാം. എന്നാൽ പ്രതിരോധശേഷി കുറവുള്ളവർക്ക് കൂടെകൂടെ ജലദോഷം പിടിപെടുകയും ഇതിൽ നിന്ന് മുക്തരാകാൻ കൂടുതൽ സമയം വേണ്ടിവരുകയും ചെയ്യുന്നു.

അണുബാധ

ശക്തമായ രോഗപ്രതിരോധ സംവിധാനം ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ പ്രതിരോധശേഷി ഇല്ലാത്തതിന്‍റെ ഒരു ലക്ഷണമാണ്. ചെവിയിലെ അണുബാധ, സൈനസൈറ്റിസ്, ശ്വാസകോശ അണുബാധ, മൂത്രാശയ അണുബാധ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

ക്ഷീണവും ബലഹീനതയും

താരതമ്യേന രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരാൾക്ക് പതിവായി ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടെക്കാം. ഉന്മേഷ കുറവും, ജോലിയോട് മടുപ്പ്, എത്ര വിശ്രമിച്ചാലും ക്ഷീണം വിട്ടുമാറാതെ വരുക എന്നിവ ഇതിന്‍റെ ലക്ഷണങ്ങളാണ്.

വയർ സംബന്ധമായ പ്രശ്‌നങ്ങൾ

രോഗപ്രതിരോധ സംവിധാനം ദുർബലമാകുമ്പോൾ ആമാശയത്തിലെ നല്ല ബാക്‌ടീരിയകൾ കുറയും. ഇത് വയറ്റിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. ദഹനക്കേട്, വയറുവേദന, ഗ്യാസ് പ്രശ്‌നങ്ങൾ എന്നിവ രോഗപ്രതിരോധ ശേഷി കുറയുന്നതിൻ്റെ ലക്ഷണങ്ങളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*