സിറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കം

കുര്‍ബാന തര്‍ക്കത്തിനിടെ സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന നടത്തുന്ന രീതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെയാണ് സിനഡ് ചേരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിനഡ് നിർദ്ദേശിച്ച പ്രകാരം എകീക്രത കുർബാനയെ അനുകൂലിക്കുന്നവരും പൂർണ്ണമായും ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും തമ്മിലുള്ള വൈകാരിക വിടവ് വ്യക്തമാണ്.

മുപ്പത്തിയൊന്നാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്ന് വൈകിട്ട് സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ആരംഭിക്കും. കോഴിക്കോട് രൂപതാധ്യക്ഷന്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമിടും. ആദ്യ മൂന്ന് ദിവസങ്ങളില്‍ ധ്യാനവും പ്രാര്‍ത്ഥനകളും മാത്രമാണ് നടക്കുക. തിങ്കളാഴ്ച സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരംഭിക്കുന്ന യോഗത്തില്‍ കുര്‍ബാന തര്‍ക്കം, എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘര്‍ഷം എന്നിവ ചര്‍ച്ചയാകും. പളളിയിലെ സംഘര്‍ഷത്തിനിടെ കുര്‍ബാനയെ സമര മാര്‍ഗമായി ഉപയോഗിച്ചത് ശരിയായില്ലെന്നും വിമത വിഭാഗത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ചര്‍ച്ചയാകും. ഈ മാസം 14നാണ് സിനഡ് സമാപിക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*