സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ആലഞ്ചേരി; ആന്‍ഡ്രൂസ് താഴത്തിനും സ്ഥാനചലനം

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ജോർജ് ആലഞ്ചേരി. രാജിക്കത്ത് നേരത്തെ നൽകിയിരുന്നതായും ഇപ്പോൾ മാർപാപ്പ അംഗീകരിച്ചതായും ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നത് വരെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും.

അതിരൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനും സ്ഥാനമാറ്റമുണ്ട്. ബോസ്കോ പുത്തൂരാണ് പുതിയ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ. സഭയിലെ പുതിയ മാറ്റങ്ങൾ ആദ്യം പുറത്തുവിട്ടത് ദ ഫോർത്ത് ന്യൂസായിരുന്നു.

ബിഷപ്പ് പദവി ഒഴിയാനുള്ള തീരുമാനം സ്വയം എടുത്തതാണെന്ന് ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പൂർണ സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത്. ഭൂമി, കുർബാന ഏകീകരണ തർക്കങ്ങൾ സ്ഥാനംമോഹിയുന്നതിന് കാരണമായിട്ടുണ്ടാകാം. ഏകീകൃത കുർബാനയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നതായും ആലഞ്ചേരി പറഞ്ഞു.

”മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19ന് പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. സ്ഥാനമൊഴിയണമെന്ന ആഗ്രഹം അംഗീകരിക്കുന്നതിന് അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

2021 നവംബർ 15ന് വീണ്ടും പരിശുദ്ധ പിതാവിന് രാജി സമർപ്പിച്ചു. ഒരു വർഷത്തിനുശേഷം മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്,” രാജി പ്രഖ്യാപിച്ചുകൊണ്ട് ജോർജ് ആലഞ്ചേരി പറഞ്ഞു.

2011-ലാണ് സിറോ മലബാർ സഭ അധ്യക്ഷനായി ജോ‍‍‍ര്‍ജ് ആലഞ്ചേരി ചുമതലയേല്‍ക്കുന്നത്. മേജ‍ര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പേരിലായിരിക്കും ജോ‍ര്‍ജ് ആലഞ്ചേരി ഇനി അറിയപ്പെടുക.

എറണാകുളം – അങ്കമാലി അടക്കം സഭയുടെ മുഴുവൻ രൂപതകളിലും ഏകീകൃത കുർബാന ക്രമം ഡിസംബർ 25 മുതല്‍ നടപ്പാക്കണമെന്നാണ് വത്തിക്കാന്റെ തീരുമാനം. വത്തിക്കാന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരോട് അതൃപ്തിക്ക് ഇടയാക്കിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*