കൊച്ചി: സിറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ 31-ാം മെത്രാൻ സിനഡിന്റെ മൂന്നാം സമ്മേളനം ഇന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിൽക്കണ്ടത്തിന്റെ ധ്യാനചിന്തകളോടെ സിനഡ് സമ്മേളനത്തിന് തുടക്കം കുറിക്കും. സിനഡ് പിതാക്കന്മാർ ഒന്നിച്ച് അർപ്പിക്കുന്ന കുർബാനയും ഉണ്ടാകും.
ഏകീകൃത കുർബാന സംബന്ധിച്ച് നിലനിൽക്കുന്ന തർക്കം സിനഡിൽ ചർച്ചയാകും. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഞായറാഴ്ച മുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കണം എന്ന മാർപാപ്പയുടെ പ്രതിനിധി സിറിൽ വാസിലിന്റെ കർശന നിർദേശം ഉണ്ടായിരുന്നെങ്കിലും തർക്കത്തെ തുടർന്ന് ഇത് നടപ്പിലായില്ല. മാർപാപ്പയുടെ പ്രതിനിധി സിറിൽ വാസിലും സിനഡിൽ പങ്കെടുക്കും. സ്വദേശത്തും വിദേശത്തുമായി സേവനം ചെയ്യുന്നവരും ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായി 54 പിതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും. 26ന് സിനഡ് സമാപിക്കും.
Be the first to comment