T20 WC | മിഷൻ സെമി ഫൈനല്‍; ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ

ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഓസ്ട്രേലിയയെ കീഴടക്കുകയാണെങ്കില്‍ നീലപ്പടയ്ക്ക് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കും. പരാജയപ്പെടുകയാണെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍.

പാകിസ്താനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരെ നേടിയ 82 റണ്‍സ് വിജയം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് നിരക്കും ഉയർത്താൻ സഹായിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. +0.576 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. കളിച്ച് മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാമതുള്ള ഓസ്ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് +2.786 ആണ്.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തോടെ സുപ്രധാന താരങ്ങളായ ഷഫാലി വർമ, സ്‌മൃതി മന്ദന, ഹർമൻപ്രീത് കൗർ എന്നിവരെല്ലാം ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സ്‌മൃതിയും ഹർമൻപ്രീതും അർധ സെഞ്ചുറികളുമായാണ് ശ്രീലങ്കയ്ക്കെതിരെ തിളങ്ങിയത്. മൂവരും ഫോമിലേക്ക് മടങ്ങിയെത്തിയത് ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

ബൗളിങ്ങില്‍ ന്യൂസിലൻഡിനെതിരായ മത്സരം മാറ്റി നിർത്തിയാല്‍ ഇന്ത്യ മികവ് പുലർത്തിയിട്ടുണ്ട്. അരുന്ധതി റെഡ്ഡി, ആശ ശോഭന, രേണുക സിങ് എന്നിവരാണ് ഹർമന്റെ പ്രധാന ആയുധങ്ങള്‍. അരുന്ധതി ടൂർണമെന്റില്‍ ഏഴ് വിക്കറ്റാണ് നേടിയിട്ടുള്ളത്. ആശയും രേണുകയും അഞ്ച് വിക്കറ്റ് വീതവും സ്വന്തമാക്കിയിട്ടുണ്ട്.

ഓസീസിനെ സംബന്ധിച്ച് ടീം പരുക്കിന്റെ പിടിയിലാണ്. ക്യാപ്റ്റൻ അലീസ ഹീലിക്ക് പരുക്കേറ്റത് ടീമിന് കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഹീലിയില്ലാതെയായിരിക്കും ഓസ്ട്രേലീയ ഇന്ത്യയെ നേരിടാൻ ഇറങ്ങുക. ഹീലിക്ക് പുറമെ പേസറായ ടെ‌യ്‌ല വ്ലെമിങ്കിനും പരുക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ മാറ്റങ്ങളുമായായിരിക്കും ചാമ്പ്യന്മാർ ഇറങ്ങുക.

Be the first to comment

Leave a Reply

Your email address will not be published.


*