
കിങ്സ്റ്റണ്‍ : ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്. ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സ് നേടി പുറത്തായെങ്കിലും നേപ്പാള്‍ 19.2 ഓവറില്‍ 85 റണ്‍സിന് ഓള്‍ഔട്ടായി. സൂപ്പര്‍ എയ്റ്റിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.
കിങ്‌സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടാന്‍ നേപ്പാളിന് സാധിച്ചു. ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്ററെയും 20 റണ്‍സ് കടക്കാന്‍ നേപ്പാള്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് നേപ്പാളിന്റെ ടോപ്സ്‌കോററായത്. മഹമ്മദുള്ളയും റിഷാദ് ഹുസെയ്നും 13 റണ്‍സ് വീതമെടുത്തപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സ് വീതവും നേടി.
നേപ്പാളിന് വേണ്ടി സോംപാല്‍ കാമി, ദീപേന്ദ്ര സിങ്, നായകന്‍ രോഹിത് പൗഡേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ടു വീതം വീക്കറ്റുകള്‍ നേടി. കുഞ്ഞന്‍ സ്‌കോറില്‍ ബംഗ്ലാദേശിനെ ഓള്‍ഔട്ടാക്കിയ നേപ്പാള്‍ അട്ടിമറി പ്രതീക്ഷിച്ചു. എന്നാല്‍ ബംഗ്ലാദേശും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ നേപ്പാള്‍ തകര്‍ന്നു. മധ്യനിരയില്‍ കുശാല്‍ മല്ല (27), ദീപേന്ദ്ര സിങ് (25) എന്നിവര്‍ ചെറുത്തു നിന്നതൊഴിച്ചാല്‍ മറ്റാരും നേപ്പാള്‍ നിരയില്‍ 20 റണ്‍സ് കടന്നില്ല.
17 റണ്‍സെടുത്ത ഓപ്പണര്‍ ആസിഫ് ഷെയ്ഖാണ് പിന്നീട് രണ്ടക്കം കടന്നത്. നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ തന്‍സിം ഹസന്‍ ഷാക്വിബാണ് നേപ്പാളിന്റെ നട്ടെല്ലൊടിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്‌മാനും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും മികച്ച പിന്തുണ നല്‍കി.
Be the first to comment