
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്നാണ് വിവരം. പ്രത്യേക അന്വേഷണസംഘം അമേരിക്കയിലെത്തിയതായും വിവരമുണ്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തഹാവൂര്‍ റാണയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടപടികള്‍.
പാകിസ്താന്‍ വംശജനായ കനേഡിയന്‍ പൗരനായ 64 കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ മെട്രോപൊളിറ്റന്‍ തടങ്കല്‍ കേന്ദ്രത്തിലാണുള്ളത്.ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ, ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാണ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി തഹാവൂര്‍ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.
2011ലാണ് ഭീകരാക്രമണത്തില്‍ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുര്‍ന്ന് 13 വര്‍ഷത്തെ ജയില്‍ ശിക്ഷയും ലഭിച്ചു. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ മാര്‍ച്ചില്‍ അമേരിക്കന്‍ സുപ്രീംകോടതി തള്ളി. പാകിസ്താനില്‍ ജനിച്ച താന്‍ മുസ്ലീമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
Be the first to comment