
ഭക്ഷണം കഴിച്ച ശേഷം നേരെ വന്ന് കട്ടിലിലേക്ക് മൊബൈലും പിടിച്ചു കിടക്കുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള വാതിൽ തുറന്നിടന്നതു പോലെയാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം പത്ത് അല്ലെങ്കിൽ 15 മിനിറ്റ് ഒന്ന് നടക്കൂ.
1. പ്രമേഹം നിയന്ത്രിക്കും
ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കും. പ്രത്യേകിച്ച് പ്രമേഹ രോഗിയാണെങ്കിൽ ഭക്ഷണത്തിന് ശേഷം നടക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
2. ഹൃദയാരോഗ്യം
യുവാക്കൾക്കിടയിൽ ഉയർന്ന് വരുന്ന ഹൃദയാഘാത നിരക്ക് ഭീതിപ്പെടുത്തുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടതിന് ശരീരത്തിൽ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ ശേഷം ഉടനെ കിടക്കുന്ന ശീലം ഇത് തടസപ്പെടുത്തും. കൂടാതെ ഭക്ഷണ ശേഷം നടക്കുന്നത് ചീത്ത കൊളസ്ട്രോൾ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
3. ഉറക്കം
തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാൻ പ്രയാസം അനുഭവിക്കുന്നവരുണ്ട്. എന്നാൽ ഭക്ഷണത്തിന് ശേഷമുള്ള നടപ്പ് നല്ല ഉറക്കം ഉണ്ടാകാൻ സഹായിക്കും. ഇത് ശരീര-മാനസിക സമ്മർദം നീക്കി വിശ്രമിക്കാൻ സഹായിക്കും.
4. മാനസികാരോഗ്യം
ഭക്ഷണത്തിന് ശേഷം നടക്കുന്നത് തലച്ചോർ ഫീൽ-ഗുഡ് ഹോർമോൺ ആയ എൻഡോർഫിൻസ് ഉൽപാദിപ്പിക്കുകയും മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യും.
5. ദഹനം
ഭക്ഷണ ശേഷം ഉടൻ കിടക്കുന്നത് ദഹനക്കേട്, ആസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഭക്ഷണ ശേഷം നടക്കുന്നത് ദഹന പ്രക്രിയ കൃത്യമാകാനും ആസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.
Be the first to comment