സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തല്‍ക്കാലം ആശ്വാസം

ചെന്നൈ: സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തല്‍ക്കാലം ആശ്വാസം.  ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു.

വിവാദ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും സമൂഹത്തില്‍ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്നും പരാമര്‍ശം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. ഉദയനിധിയെ അയോഗ്യനാക്കാന്‍ നിലവില്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാദപരാമര്‍ശത്തിനു ശേഷവും മന്ത്രിപദവിയില്‍ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ ടി. മനോഹര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധിപറഞ്ഞത്. സെപ്റ്റംബറിലെ വിവാദപരാമര്‍ശ സമയത്ത് വേദിയില്‍ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി ശേഖര്‍ ബാബു, എ. രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉണ്ടായിരുന്നു. സനാതനധര്‍മത്തിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെയാണ് സംസാരിച്ചതെന്നും ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള വ്യവസ്ഥകള്‍ പാര്‍ലമെന്റിനു മാത്രമേ തീരുമാനിക്കാന്‍ ആകൂ എന്നുമാണ് ഉദയനിധി വാദിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*