
അതിരമ്പുഴ: ഒരു വർഷത്തിലേറെയായി അതിരമ്പുഴയിലെ വീട്ടിൽ കേടായി ഇരിക്കുന്ന ബൈക്കിനു തമിഴ്നാട് മോട്ടർ വാഹന വകുപ്പിൻ്റെ പെറ്റിക്കേസ്. നോട്ടീസ് കണ്ട് ഞെട്ടി ഉടമ. അതിരമ്പുഴ സ്വദേശിയും കാനറ ബാങ്കിലെ മാനേജരുമായ രാഹുൽ ജയിംസിനാണ് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 26നു രാഹുലിൻ്റെ വാഹനത്തിൻ്റെ അതേ നമ്പറുള്ള ബൈക്ക് തമിഴ്നാട്ടിലെ തേനിയിലൂടെ രേഖകളില്ലാതെയും നിയമം തെറ്റിച്ചും ഓടിച്ചെന്നാണു കേസ്. 2,000 രൂപ പിഴ അടയ്ക്കണം. ചെയ്യാത്ത കുറ്റമാണെങ്കിലും പിഴ അടച്ച് തടിയൂരാമെന്നു കരുതിയെങ്കിലും പിന്നീടാണ് കെണി മനസ്സിലാക്കിയത്. നിയമലംഘനം നടത്തിയ വാഹനം തമിഴ്നാട് പോലീസ് പിടികൂടിയിട്ടുണ്ട്.
പിഴയടച്ചാൽ ഈ വാഹനം സ്റ്റേഷനിലെത്തി തിരിച്ചെടുക്കേണ്ടി വരും. വൈകിയാൽ ബൈക്ക് ഒരു കള്ളവണ്ടിയായതിനാൽ വീണ്ടും ഊരാക്കുടുക്കാകും. അനുബന്ധ കേസുകൾ ഉണ്ടാകും. രാഹുലിന്റെ വർഷത്തിലേറെയായി അറ്റകുറ്റപ്പണിയെത്തുടർന്നു പുറത്തെടുക്കാറില്ല. സംഭവ ദിവസം രാഹുൽ ബാങ്കിലുണ്ടായിരുന്നതിനും ബൈക്ക് വീട്ടിലുണ്ടായിരുന്നതിനും തെളിവുണ്ട്. കഴിഞ്ഞ ദിവസം ആർസി ബുക്ക് പുതുക്കാനായി ശ്രമിക്കുമ്പോഴാണ് കേസുണ്ടെന്നു മനസ്സിലാക്കുന്നത്. രാഹുലിൻ്റെ വാഹനത്തിൻ്റെ നമ്പർ ഉപയോഗിച്ച് ആരോ വ്യാജമായി ഉപയോഗിച്ചതാണു സംഭവം. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയൊന്നും ഹാജരാക്കിയുമില്ല. ഇതെല്ലാം ചേർത്താണ് പിഴ. മോട്ടർ വാഹനവകുപ്പിൻ്റെ വെബ്സൈറ്റിൽ ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ, പിടിക്കപ്പെട്ട ബൈക്ക് ഏതു മോഡലാണെന്നോ ആരാണ് ഓടിച്ചതെന്നോ കണ്ടെത്താനായില്ല.
Be the first to comment