പന്തല്ലൂർ പ്രദേശത്തെ വിറപ്പിച്ച ബുള്ളറ്റ് കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി

തമിഴ്നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്നാട് വനവകുപ്പ് മയക്കു വെടിവെച്ച് പിടികൂടി. ഇന്ന് വൈകിട്ട് അയ്യൻകൊല്ലി ആംകോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല തെപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 35 വീടുകളാണ് ബുള്ളറ്റ് എന്ന പേരിലുള്ള കാട്ടാന തകർത്തത്.

ഈ മാസം ആദ്യം വനംവകുപ്പിന്റെ ജീപ്പ് ബുള്ളറ്റ് കൊമ്പൻ കുത്തി മറിച്ചിട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. തൊണ്ടിയാളത്ത് വീടുകളുടെ സമീപത്ത് എത്തിയ ബുള്ളറ്റിനെ തുരത്താനെത്തിയ ജീവനക്കാരുടെ വാഹനമാണ് കാട്ടാന കുത്തി മറിച്ചത്. ജീപ്പിനു മുൻപിലെത്തിയ ബുള്ളറ്റ് കാട്ടാന മുൻപിലേക്ക് ചീറിയടുക്കുകയായിരുന്നു.

രണ്ട് മാസമായി പന്തല്ലൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ബുള്ളറ്റ് കാട്ടാന ഭീതി പടർത്തുകയാണ്. പകൽ സമയങ്ങളിലും കാട്ടാന നിരത്തുകളിൽ നിൽക്കുന്നത് കാണാം. കഴിഞ്ഞ ആഴ്ച മദപ്പാടുമായി റോഡിലിറങ്ങിയിരുന്ന കാട്ടാന മറ്റ് കാട്ടാനകളെയും ആക്രമിക്കുന്നുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*