അധ്യാപകനും ഭാഷാ ശാസ്ത്രജ്ഞനുമായ ടിബി വേണുഗോപാല പണിക്കര്‍ അന്തരിച്ചു

കോഴിക്കോട്: അധ്യാപകനും ഭാഷാശാസ്ത്രജ്ഞനുമായ ടിബി വേണുഗോപാല പണിക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

മഹാരാജാസ് കോളജില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദവും, മലയാളത്തില്‍ ബിരുദാനന്ത ബിരുദവും നേടി. അഅണ്ണാമലൈ സര്‍വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാര്‍ അഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക – ഒരു വിമര്‍ശനാത്മകപഠനം എന്ന പ്രബന്ധത്തിന് 1981-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു.

1971-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളവിഭാഗം അധ്യാപകനായും 2003-2005 കാലത്ത് അവിടത്തെ വകുപ്പധ്യക്ഷനായും കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജര്‍മ്മനിയിലെ കോളന്‍ സര്‍വകലാശാല സ്റ്റട്ഗര്‍ടില്‍ നടത്തിയ ഒന്നാമത് അന്താരാഷ്ട്ര ദ്രവീഡിയന്‍ സെമിനാര്‍ ഉള്‍പ്പെടെ 100 ലേറെ ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസര്‍ച്ച് കമ്മിഷനില്‍ അംഗമായിരുന്നു. മദ്രാസ്, അലിഗഡ്, കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ യു പി എസ് സി, യു.ജി.സി എന്നിവയുടെ പരീക്ഷാ ബോര്‍ഡുകളിലും തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ ലാംഗ്വേജ് ഫാക്കല്‍റ്റിയിലും അംഗമായിരുന്നു. നോം ചോംസ്‌കി ഇന്ത്യയില്‍ വന്നപ്പോള്‍ കൈരളി ചാനലിനു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. സ്വനമണ്ഡലം, നോം ചോംസ്‌കി തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചു. തോപ്പില്‍ മുഹമ്മദ് മീരാന്റെ കൂനന്‍ തോപ്പ് വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*