കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ ഒരുങ്ങി ടിഡിഎഫ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സമരം കടുപ്പിക്കാനൊരുങ്ങി ടിഡിഎഫ്. ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് ടിഡിഎഫ് പ്രസ്താവിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫിസിലേക്ക് ആരേയും കടത്തിവിടില്ലെന്നാണ് സംഘടന പറയുന്നത്.

മാനേജ്‌മെന്റിന്റെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് ടിഡിഎഫ് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നത്. സമരം 19 ദിവസങ്ങള്‍ പിന്നിട്ടു.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും പ്രതിഷേധത്തിലാണ് യൂണിയനുകള്‍. പ്രതിപക്ഷ സംഘടകള്‍ ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേസത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നില്ല എന്നാണ് ആരോപണം.

കഴിഞ്ഞ രണ്ടുമാസവും 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചീഫ് ഓഫീസ് വളഞ്ഞുള്ള സമരത്തിലേക്ക് സി.ഐ.ടി.യു കടക്കുന്നത്. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുക, യൂണിനുകള്‍ക്ക് ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യുവിന്റെ സമരം. നിലവില്‍ ശമ്പള വിതരണം ആരംഭിച്ചെങ്കിലും എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. 30 കോടി കൂടി സമാഹരിച്ചാലെ മറ്റു വിഭാഗങ്ങള്‍ക്കും ശമ്പളം നല്‍കാനാകൂ. എല്ലാ മാസവും ശമ്പളത്തിനായി കാത്തിരിക്കുന്ന അവസ്ഥ തുടരാനാകില്ലെന്ന നിലപാടിലാണ് സംഘടനകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*