ഹിമാചലില്‍ ചായക്കടക്കാരന്‍ BJP സ്ഥാനാര്‍ത്ഥി; പ്രേരണ നരേന്ദ്രമോദി

ഹിമാചല്‍ പ്രദേശ്  നിയമസഭ തിരഞ്ഞെടുപ്പില്‍ ചായക്കടക്കാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). ഗുജറാത്തിലെ വാഡ്നഗറില്‍ ചായ വിറ്റിരുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ ഉണ്ടായ ആകാംക്ഷയോടെയാണ് ഹിമാചല്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ ഏവരും നോക്കിക്കാണുന്നത്. ഷിംല അര്‍ബന്‍ സീറ്റിലേക്കാണ് സഞ്ജയ് സൂദ്  എന്ന ചായക്കച്ചവടക്കാരനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 

1990-കളിലാണ് സഞ്ജയ് സൂദ് ചായക്കച്ചവടം തുടങ്ങുന്നത്. ഇന്ന് അദ്ദേഹം ഒരു കോടീശ്വരനാണ്. കുടുംബത്തോടൊപ്പം ഹിമാചല്‍ തലസ്ഥാനത്തെ പഴയ ബസ് സ്റ്റാന്‍ഡിലാണ് സൂദ് ടീ സ്റ്റാള്‍ നടത്തുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സൂദിന്റെ കടയിലെ നിത്യസന്ദര്‍ശകരെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ പ്രചോദനമെന്ന് സഞ്ജയ് സൂദ് പറയുന്നു. വിജയത്തിന് ശേഷം പ്രധാനമന്ത്രി മോദിക്ക് ഒരു ചായ ഉണ്ടാക്കി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 57 കാരനായ സഞ്ജയ് സൂദ് ഒരു രാഷ്ട്രീയ ബന്ധമുള്ള കുടുംബത്തില്‍ നിന്നുള്ളയാളല്ല. എന്നാല്‍ രാഷ്ട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) അദ്ദേഹത്തിന് ബന്ധമുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നാണ് സഞ്ജയ് സൂദിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. നാല് തവണ എം.എല്‍.എ ആയ സുരേഷ് ഭരദ്വാജിനെ മാറ്റിയാണ് സഞ്ജയ് സൂദിന് ബിജെപി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*