അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ

അതിരമ്പുഴ : അധ്യാപകദിനാഘോഷത്തിന്റെ നൂതന കാഴ്ച്ച ഒരുക്കി അതിരമ്പുഴ സെൻ്റ് മേരീസ് എൽ. പി. സ്കൂൾ. സെപ്റ്റംബർ അഞ്ചിന് അധ്യാപകരെ വരവേറ്റത് ഈ സ്കൂളിലെ കുട്ടി അധ്യാപകരാണ്. അധ്യാപകരുടെ വേഷം ധരിച്ച് എത്തിയ കുട്ടികൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും കൺകുളിരുന്ന ഒരു കാഴ്ച തന്നെയായിരുന്നു.

സ്കൂൾ ലീഡർ ആഷ്‌ന ഷിജു താൽക്കാലിക പ്രഥമാധ്യാപികയായി ചാർജ് എടുക്കുകയും സ്കൂൾ ചെയർമാൻ മാസ്റ്റർ റോഷി റോയി ഓഫീസ് പ്രവർത്തനങ്ങളുടെ ഏകദിന സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. തങ്ങളുടെ അധ്യാപകരെ അനുകരിച്ച് കുട്ടികൾ എടുത്ത ക്ലാസുകൾ വളരെ ഹൃദ്യമായിരുന്നു. ലോകത്തിന്റെ ഭാവി വാഗ്ദാനങ്ങളെ തിരിച്ചറിയുവാൻ ഈ ഉദ്യമം ഏറെ ഉപകരിച്ചു.

അധ്യാപകരോടൊപ്പം നിന്ന് ഈ സ്കൂളിന്റെ ഉയർച്ചയെ മുന്നിൽ കാണുന്ന പി. ടി.എ പ്രസിഡന്റ് മനോജ് പി ജോണിന്റെ നേതൃത്വത്തിൽ .പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ രാവിലെ തന്നെ സ്കൂളിൽ എത്തി അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും,സമ്മാനങ്ങൾ കൈമാറുകയും മധുരം പങ്കുവയ്ക്കുകയും ചെയ്തു.

പ്രഥമാധ്യാപിക അൽഫോൻസാ മാത്യുവിന്റെ നേതൃത്വത്തിൽ കൂടിയ അധ്യാപക ദിനാഘോഷത്തിൽ,36 വർഷം അധ്യാപികയായി ജോലി ചെയ്യുകയും ദീർഘകാലം ഈ സ്കൂളിന്റെ തന്നെ പ്രഥമാധ്യാപികയായി സേവനമനുഷ്ഠിച്ചതിതിനു ശേഷം ഇവിടെ നിന്ന് തന്നെ വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റർ ഐലിൻ കുളങ്ങര എസ് എ ബി എസിനെ അനുമോദിക്കുന്ന ചടങ്ങിൽ അതിരമ്പുഴ പള്ളി അസിസ്റ്റന്റ് വികാരി  ഫാ. അലക്‌സ് വടശ്ശേരി, സിസ്റ്ററിനെ പൊന്നാടയണിയിച്ച് അതിരമ്പുഴ സെൻ്റ് മേരീസ് കുടുംബത്തിന്റെ അനുമോദനം അർപ്പിച്ചു.

തന്റെ പൂർവ്വകാല സ്മരണകൾ ഓർത്തെടുത്ത് കുട്ടികളുമായി പങ്കുവെച്ച സിസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകി. അധ്യാപകരോടുള്ള ആദരസൂചകമായി കുട്ടികൾ നടത്തിയ “ഗുരുവന്ദനം” പരിപാടി ഏറെ ശ്രദ്ധേയമായി.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*