ലഹരിക്കെതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ

വിദ്യാർഥികൾ നേരിടുന്ന ലഹരി എന്ന വിപത്തിന് എതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ സ്‌കൂളുകളിൽ ലഹരി ഉപഭോഗം വർധിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടത് പോലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്തമല്ല. മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ഉത്തരവാദിത്തം ഉണ്ട്. കുട്ടികളുടെ രണ്ടാമത്തെ രക്ഷിതാവാണ് അധ്യാപകൻ. ഒരു കുട്ടി തലവേദന എന്ന് പറഞ്ഞു കിടക്കുമ്പോൾ യഥാർഥ കാരണം എന്താണെന്ന് അധ്യാപകൻ അന്വേഷിക്കണം. വിദ്യാർഥിയുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കേണ്ടതുണ്ടെന്നും സ്പീക്കർ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് അധ്യാപകർക്കായുള്ള ദ്വിദിന റസിഡൻഷ്യൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

പഠിപ്പിച്ചു മാത്രം പോയാൽ പോരേ എന്ന ചിന്ത ചില അധ്യാപകർക്കുണ്ട്. പഠിപ്പിക്കുക എന്നതിനപ്പുറം ഒന്നിനും മെനക്കെടേണ്ട എന്ന മനോഭാവം. പോക്‌സോ പോലുള്ള നിയമങ്ങൾ തങ്ങൾക്കെതിരെ ദുരുപയോഗിക്കും എന്ന് ഭയന്ന് കർത്തവ്യം പഠിപ്പിക്കൽ എന്നതിലേക്ക് മാത്രമായി ചുരുക്കുന്ന സംഭവങ്ങളുണ്ട്. ഇത് അധ്യാപകന്റെ പിൻവാങ്ങലാണ്, ഇതല്ല വേണ്ടതെന്ന് സ്പീക്കർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*