
മുംബൈ : ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രത്യേക ജഴ്‌സിയുടെ ആദ്യ ചിത്രം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍. മുംബൈയില്‍ നടക്കാനിരിക്കുന്ന അനുമോദന ചടങ്ങിലും വിക്ടറി പരേഡിലും ഈ പുതിയ ജഴ്‌സിയായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ധരിക്കുക. പ്രത്യേക ന്യൂഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജു പുതിയ ജഴ്‌സിയുടെ ചിത്രം പങ്കുവെച്ചത്.
ബാര്‍ബഡോസില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ടീം ഇന്ത്യ ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിസിസിഐയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തുകയായിരുന്നു. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലെ ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ നേരെ പോയത്.
ഡല്‍ഹിയിലെ ഹോട്ടലിന് പുറത്തും വന്‍ സ്വീകരണമാണ് താരങ്ങള്‍ക്ക് ഒരുക്കിയിരുന്നത്. വാദ്യോപകരണങ്ങളുടെ അകമ്പടികള്‍ക്കൊപ്പം താരങ്ങളും നൃത്തം ചെയ്തതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലുമായി ഗംഭീരമായ ആഘോഷപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം താരങ്ങള്‍ മുംബൈയിലേക്ക് തിരിക്കും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികള്‍. മുംബൈയിലെ മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ നടത്താനാണ് പദ്ധതി. ആരാധകര്‍ക്ക് റോഡ്‌ഷോ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.
Be the first to comment