രേവന്ത് റെഡ്ഢി നാളെ ഹാജരാകില്ല; സമൻസിന് മറുപടി നൽകും

ദില്ലി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി നാളെ ദില്ലി പോലീസിന് മുൻപാകെ ഹാജരായേക്കില്ലെന്ന് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടി സമൻസിന് മറുപടി നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ കോൺഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. അതിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ദില്ലിപോലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ട് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

അതേസമയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് രേവന്ത് റെഡ്ഡി രം​ഗത്തെത്തി. ദില്ലി പോലീസിനെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഇഡിക്കും ഐടിക്കും ശേഷം ദില്ലി പോലീസിനെയും കളിപ്പാവയായി ഉപയോഗിക്കുകയാണ് ബിജെപി എന്നും രേവന്ത് റെഡ്ഡി രൂക്ഷഭാഷയിൽ വിമർശിച്ചു. എന്ത് വന്നാലും ഭയപ്പെടില്ലെന്നും തെലങ്കാനയിൽ മോദിയെയും അമിത് ഷായെയും കോൺഗ്രസ് തറ പറ്റിക്കുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

സംവരണം നിർത്തലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്നതായുള്ള വ്യാജ വീഡിയോ ആണ് പ്രചരിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഇതിനെതിരെ ബിജെപി ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇടപെട്ടതിന് പിന്നാലെ ദില്ലി പോലീസ് ഐഎഫ്എസ്ഒ വിഭാഗം കേസ് എടുക്കുകയായിരുന്നു. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. തെലങ്കാനയിൽ നിന്നുള്ള അഞ്ച് പേർക്ക് കേസുമായി സഹകരിക്കണമെന്ന് കാട്ടി ദില്ലി പോലീസ് നോട്ടീസ് നൽകിയെന്ന വിവരം പുറത്ത് വന്നത്. ഇതിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെയ് ഒന്നിന് ഹാജരാകണമെന്നാണ് നിർദ്ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*