‘ടെലിമനസ്’; മാനസിക പ്രശ്നങ്ങൾക്കുള്ള ടെലി കൗൺസിലിംഗ് സേവനം ആരംഭിച്ചു

മാനസിക പ്രശ്‌നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ‘ടെലി മനസ്’ ൻ്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വ്യക്തികള്‍ക്കുണ്ടാകുന്ന മാനസിക വിഷമതകള്‍, അത് അതിജീവിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കായാണ് ‘ടെലി മനസ്’ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകാരിക പ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, മാനസിക വിഷമതകള്‍, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങള്‍, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയ്‌ക്കെല്ലാം ടെലി മനസ് സേവനം പ്രയോജനപ്പെടുത്താം.

നവംബര്‍ ഒന്ന് മുതല്‍ 24 മണിക്കൂറും ടെലിമനസ് സേവനം ലഭ്യമാക്കുന്നതാണ്. ടെലി മനസ് സേവനങ്ങള്‍ക്കായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുന്നതാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ 5 കൗണ്‍സിലര്‍മാരയാണ് നിയമിച്ചിട്ടുള്ളത്. കോളുകള്‍ കൂടുന്ന മുറയ്ക്ക് 20 കൗണ്‍സിലര്‍മാരെയും നിയോഗിക്കുന്നതാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെലിമനസ് നമ്പരുകള്‍:  14416, 1800 89 14416

Be the first to comment

Leave a Reply

Your email address will not be published.


*