പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രഭരണം ആധുനിക രീതിയിൽ കമ്പ്യൂട്ടർവത്‌കരിക്കപ്പെടുന്നു. സോഫ്‌റ്റ്‌വെയറിന്‍റെ പൈലറ്റ് ടെസ്‌റ്റിങ് ജനുവരിയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ശബരിമലയും മറ്റ് ക്ഷേത്രങ്ങളും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരും. അതോടെ ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലെ വഴിപാടുകൾ മുതൽ മരാമത്ത് പണികൾ വരെ എല്ലാം വിവിധ ജില്ലകളിലുള്ള ഓഫിസുകളിലിരുന്ന് ക്ലൗഡ്-ബേസ്‌ഡ് കമ്പ്യൂട്ടർ ശൃംഖല വഴി ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാനാകും.
നാഷണൽ ഇൻഫർമേറ്റിക് സെൻ്ററിൻ്റെ (എൻഐസി) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൂർണ കമ്പ്യൂട്ടർവത്ക്കരണം നടപ്പിലാക്കുന്നത്. അതിനായി ദേവസ്വം ബോർഡും എൻഐസിയുമായി ധാരണ പത്രത്തിൽ ഒപ്പിട്ടു. എട്ട് മാസങ്ങൾക്ക് മുമ്പ് സൈബർ ഫൊറൻസിക് വിദഗ്‌ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാട് ചീഫ് അഡ്വസൈറായി എക്സ്പെർട്ട് കമ്മിറ്റിക്ക് ദേവസ്വം ബോർഡ് രൂപം നൽകിയിരുന്നു.
ദേവസ്വത്തിന്‍റെ വിവിധ ഫങ്ഷണൽ ഡോമേയ്‌നുകളുടെ റിക്വയർമെന്‍റ് അനാലിസിസ് ദേവസ്വം ഉദ്യേഗസ്ഥരാണ് പൂർത്തിയാക്കിയത്. തുടർന്ന് എൻഐസി സോഫ്‌റ്റ്‌വെയർ വികസനവും പൂർത്തിയാക്കി. അതേസമയം ഈ ഓൺലൈൻ സൗകര്യം ഉപയോഗിച്ച് ഭക്തർക്ക് ലോകത്തെവിടെയിരുന്നും വഴിപാടുകൾ ബുക്ക് ചെയ്യാനാകും. ഭക്തർ റസീറ്റാക്കിയ വഴിപാടുകളുടെ വിവരങ്ങൾ മേൽശാന്തിക്കും ക്ഷേത്ര ചുമതലക്കാർക്കും ഉടനടി അറിയാനുമാകും.
ഓരോ ക്ഷേത്രത്തിന്‍റെ മരാമത്ത് പണികൾക്കും പുനരുദ്ധാരണത്തിനും വേണ്ട ബഡ്‌ജറ്റ് ആവശ്യങ്ങളും നിർദേശങ്ങളും ഈ സംവിധാനം ഉപയോഗിച്ച് തയ്യാറാക്കാനും ബോർഡിലേക്ക് സമർപ്പിക്കാനും സാധിക്കും. അത്തരം നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ബോർഡിന്‍റെ ഇനിയുള്ള കാലത്തെ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഉണ്ടാവുക.
വഴിപാടുകൾ റസീറ്റാക്കാനായി ഭക്തർക്ക് ഈ സംവിധാനം മൊബൈൽ ഫോണിലെ ഗൂഗിൾ ക്രോം അടക്കമുള്ള ബ്രൗസറുകളുടെ സഹായത്തോടെ ഉപയോഗപ്പെടുത്താനാകും. മാത്രമല്ല, ഈ സൗകര്യങ്ങളെല്ലാമടങ്ങിയ ആൻഡ്രോയിഡ് ആപ്പുകളും ഐഒഎസ് ആപ്പുകളും ഇതോടൊപ്പം ഭക്തർക്ക് പ്ലേസ്‌റ്റോറിൽ ലഭ്യവുമാക്കും.
തിരുവാഭരണങ്ങള്‍ അടക്കമുള്ള ക്ഷേത്ര സ്വത്തുകളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്‌ത് സൂക്ഷിക്കാനുള്ള സംവിധാനവും ഈ സോഫ്‌റ്റ്‌വെയറിൽ ലഭ്യമാണ്. മാത്രമല്ല, കേരള സർക്കാരിന്‍റെ റവന്യൂ വകുപ്പ് ജിയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്‌റ്റം ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്‌ത് വച്ചിട്ടുള്ള ലാൻഡ് റെക്കോർഡുകളിലെ ക്ഷേത്രഭൂസ്വത്ത് വിവരങ്ങൾ ഈ സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെടുത്താനും അതുവഴി ക്ഷേത്രത്തിന്‍റെ ഭൂസ്വത്തുക്കൾ ഭാവിയിൽ കൈമാറ്റം ചെയ്യപ്പെടാനാകാതെ സംരക്ഷിക്കാനും സാധിക്കും.
ക്ഷേത്രങ്ങളിലെ ആനകളുടെ വ്യക്തിവിവരങ്ങളും ചികിത്സാവിവരങ്ങളും എഴുന്നള്ളിപ്പ് വിവരങ്ങളും ഈ സംവിധാനത്തിന്‍റെ ഭാഗമാക്കും. ഈ സംവിധാനം നിലവിൽ വരുന്നതിന്‍റെ ഭാഗമായി ഓരോ ക്ഷേത്രത്തിലും ഹൈസ്‌പീഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയും വൈഫൈയും ലഭ്യമാക്കും. ശബരിമലയിൽ ഈ സംവിധാനം നിലവിൽ വരുന്നതിന്‍റെ ഭാഗമായി നിലക്കൽ മുതൽ പമ്പ വരെ വനഭൂമിയിലൂടെ കേബിൾ ഡക്റ്റുകൾ വഴിയും പമ്പ മുതൽ സന്നിധാനം വരെ പോസ്‌റ്റുകൾ വഴിയും പരിസ്ഥിതി സൗഹൃദമായി ഡാറ്റാ കേബിളുകളെത്തിക്കും. വന്യമൃഗങ്ങൾ ഡാറ്റാ കേബിളുകൾ നശിപ്പിക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കും.
ഭക്തരുടെ സ്വകാര്യവിവരങ്ങളുടെ സംരക്ഷണാർഥം ഡിജിറ്റൽ വിവരങ്ങൾ സ്‌റ്റേറ്റ് ഡാറ്റാ സെന്‍ററിലാകും സൂക്ഷിക്കപ്പെടുക. മാത്രമല്ല, ഭക്തരുടെ സൗകര്യാർഥം സംസ്ഥാന സർക്കാരിന്‍റെ പേയ്മെന്‍റ് ഗെയ്റ്റ് വേ മാത്രമല്ല വിവിധ ബാങ്കുകളുടെ പേയ്മെന്‍റ് ഗെയ്റ്റ് വേകളും ഈ സോഫ്‌റ്റ്‌വെയറിന്‍റെ ഭാഗമാക്കും.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ദേവസ്വം കമ്മിഷണർ സിവി പ്രകാശ്, ചെന്നൈ എൻഐസി ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഗീതാറാണി എന്നിവർ ചേർന്ന് ഒപ്പുവച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് അഡ്വ.പിഎസ് പ്രശാന്ത്, മെമ്പർ അഡ്വ.എ അജികുമാർ, ചീഫ് ഐടി അഡ്വൈസർ ഡോ.പി വിനോദ് ഭട്ടതിരിപ്പാട്, ചീഫ് എഞ്ചിനീയർ രഞ്ചിത്ത് ശേഖർ, ഓട്ടോമേഷൻ ഡെപ്യൂട്ടി കമ്മിഷണർ ഒജി ബിജു, ചെന്നൈ എൻഐസി സീനിയർ ടെക്‌നിക്കൽ ഡയറക്‌ടർ ആർ ഗോവിന്ദൻ എന്നിവരും പങ്കെടുത്തിരുന്നു.
Be the first to comment