ഗോരക്ഷയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം

ഗോരക്ഷയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ക്ക് ജീവപരന്ത്യം തടവ്. 2018ല്‍ ആട് വ്യാപാരിയായ ഖാസിം (45) എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതിയുടെ നടപടി. ഖാസിമിനെ കൊലപ്പെടുത്തിയതിനും സാക്ഷിയായ സമയ്ദീന്‍ എന്ന മുസ്ലിം കര്‍ഷകനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിനും, ഉള്‍പ്പെടെയാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഖാസിമിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് സമയ്ദീനെ പ്രതികള്‍ ആക്രമിച്ചത്.

കൊലപാതകം, വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപം, മതത്തിൻ്റെ പേരില്‍ ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അഡീഷണല്‍ ജില്ല, സെഷന്‍സ് ജഡ്ജി ശ്വേത ദീക്ഷിത് ശിക്ഷ വിധിച്ചതെന്ന് ഖാസിമിൻ്റെ അഭിഭാഷകയായ വൃന്ദ ഗ്രോവറെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 302,307,147,148,149,153 എ എന്നീ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ 58,000 രൂപ പിഴയും എല്ലാ പ്രതികളും അടയ്ക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*