പുതിയ ക്ഷയ രോഗ നിര്‍ണയ സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: കേവലം 35 രൂപയ്ക്ക് രോഗിയുടെ കഫം ഉപയോഗിച്ച് ക്ഷയ രോഗം നിര്‍ണയിക്കാന്‍ കഴിയുന്ന പരിശോധനാ സാങ്കേതികവിദ്യ വികസിപ്പിച്ചു. മെഡിക്കല്‍ ഗവേഷണ രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഐസിഎംആര്‍ ആണ് പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. അസം ദിബ്രുഗഡിലെ പ്രാദേശിക കേന്ദ്രം വികസിപ്പിച്ച ഭാരം കുറഞ്ഞതും പോര്‍ട്ടബിള്‍ ആയിട്ടുള്ളതുമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയില്‍ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. രണ്ടര മണിക്കൂറിനുള്ളില്‍ ഒറ്റയടിക്ക് 1500 ലധികം സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പരമ്പരാഗത രോഗ നിര്‍ണയ സാങ്കേതികവിദ്യയില്‍ ക്ഷയം സ്ഥിരീകരിക്കാന്‍ 42 ദിവസം ആവശ്യമാണ്. സാധാരണയായി കള്‍ച്ചര്‍ ചെയ്താണ് രോഗം ഉണ്ടോയെന്ന് പരിശോധിക്കുന്നത്. ടിബി നെഗറ്റീവ്, മൈക്രോസ്‌കോപ്പി, ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള രീതികള്‍ എന്നിവ ഉപയോഗിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗനിര്‍ണയത്തിന് ഒരുപാട് സമയം വേണ്ടി വരുന്നതിനാല്‍ പുതിയ രീതി രോഗനിര്‍ണയം നടത്തി വേഗം മെഡിസിന്‍ ആരംഭിക്കാന്‍ സഹായകമാകും.

‘ക്ഷയരോഗം ഒരു ആഗോള ആരോഗ്യ വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ രോഗ പരിപാലനത്തിനായി കൃത്യവും വേഗത്തിലുള്ളതുമായ ഡയഗ്‌നോസ്റ്റിക് ടൂളുകളുടെ വികസനം ആവശ്യമാണ്. നിലവിലെ പരിശോധനാ രീതികള്‍ പലപ്പോഴും സമയമെടുക്കുന്നതും ചെലവ് വര്‍ധിപ്പിക്കുന്നതുമാണ്. നവീന രീതികളുടെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കൂടാതെ ചില മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് രീതികള്‍, രോഗനിര്‍ണയത്തില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തുമ്പോഴും ചെലവ് അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, CRISPR-Cas12a അടിസ്ഥാനമാക്കിയുള്ള മോളിക്യുലര്‍ ഡയഗ്‌നോസ്റ്റിക് സിസ്റ്റമായ ‘GlowTBPCRKit’ പരിഹാരം നല്‍കുന്നു,’ – ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) യോഗ്യരായ സ്ഥാപനങ്ങള്‍, കമ്പനികള്‍, നിര്‍മ്മാതാക്കള്‍ എന്നിവരില്‍ നിന്ന് ‘ടിബി ഡിറ്റക്ഷന്‍ സിസ്റ്റം’ വാണിജ്യവല്‍ക്കരിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിച്ചു. ക്ഷയ രോഗം വേഗത്തില്‍ നിര്‍ണയിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയുടെ കൈമാറ്റം ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*