ദളപതി വിജയ്‌യുടെ GOAT; സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ട് സംവിധായകൻ വെങ്കട്ട്പ്രഭു

ദളപതി വിജ‌യ്‌യെ നായകനാക്കി വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ്‌ ഓൾ ടൈം അഥവ ഗോട്ട്. താരം അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഏറ്റവും നിർണായകമായ അപ്‌ഡേറ്റുകളിൽ ഒന്ന് പുറത്തുവിട്ടിരിക്കുകയാണ് വെങ്കട്ട് പ്രഭു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ വിജയ്‌യുടെ വിഎഫ്എക്‌സ് വർക്കുകൾ എല്ലാ പൂർത്തിയാക്കിയതായാണ് വെങ്കട്ട്പ്രഭു വെളിപ്പെടുത്തിയിരിക്കുന്നത്. വർക്കിന്റെ ഔട്ട്പുട്ടിനായി കാത്തിരിക്കുകയാണെന്നും വെങ്കട്ട്പ്രഭു സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹോളിവുഡ് ചിത്രങ്ങളായ അവതാർ, അവഞ്ചേഴ്സ്: എൻഡ് ഗെയിം, ക്യാപ്റ്റൻ മാർവൽ തുടങ്ങിയ ചിത്രങ്ങൾക്ക് വിഎഫ്എക്‌സ് ചെയ്ത ലോല വിഎഫ്എക്‌സ് ടീം ആണ് ഗോട്ടിനും വിഎഫ്എക്‌സ് ഒരുക്കുന്നത്.

വിജയ് ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രത്തിൽ രണ്ട് കാലഘട്ടങ്ങളിലെ വിജ‌യ്‌യെ കാണിക്കുന്നുണ്ട്. ഇതിനായി ഡി എജിങ് ടെക്‌നോളജി ഉപയോഗിക്കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

അതേസമയം ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്കാണ് കഴിഞ്ഞ ദിവസം വിറ്റുപോയത്. 93 കോടി രൂപയ്ക്ക് സീ ഗ്രൂപ്പാണ് ടെലിവിഷൻ പ്രീമിയർ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മുഴുവൻ ഭാഷകളിലെയും അവകാശമാണ് ചാനൽ സ്വന്തമാക്കിയത്.

നേരത്തെ ലിയോ എന്ന ചിത്രം 73 കോടി രൂപയ്ക്കായിരുന്നും സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത്. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. കേരളമടക്കമുള്ള സ്ഥലങ്ങളിൽ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനിമാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*